കോപ്പയില്‍ അര്‍ജന്റീന - കൊളംബിയ ഫൈനല്‍; യൂറോ കലാശപ്പോരില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും
ഉറുഗ്വായ്‌ക്കെതിരായ രണ്ടാം സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ജയിച്ചത്
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയ്ക്ക് എതിരാളികള്‍ കൊളംബിയ. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഉറുഗ്വായെ വീഴ്ത്തിയാണ് കൊളംബിയയുടെ ഫൈനല്‍ പ്രവേശനം. കൊളംബിയ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ എത്തുന്നത്. 2001 ലാണ് കൊളംബിയ കിരീടം നേടിയിരിക്കുന്നത്. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് കൊളംബിയ ഇത്തവണ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക.
ഉറുഗ്വായ്‌ക്കെതിരായ രണ്ടാം സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ജയിച്ചത്. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ ജെഫേഴ്‌സന്‍ ലെര്‍മയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ജൂലൈ 15 തിങ്കളാഴ്ച പുലര്‍ച്ചെ 5.30 നാണ് അര്‍ജന്റീന vs കൊളംബിയ ഫൈനല്‍.
യൂറോ കപ്പില്‍ സ്‌പെയിനും ഇംഗ്ലണ്ടുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് നെതര്‍ലന്‍ഡ് തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ സാവി സിമണ്‍സിലൂടെ ഗോള്‍ നേടാന്‍ നെതര്‍ലന്‍ഡ്‌സിനു സാധിച്ചതാണ്. എന്നാല്‍ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നും 90-ാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ ഒലി വാട്കിന്‍സും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ജൂലൈ 15 പുലര്‍ച്ചെ 12.30 നാണ് സ്‌പെയിന്‍ vs ഇംഗ്ലണ്ട് ഫൈനല്‍ നടക്കുക.