ഘാനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണി. അത് പെനാൽറ്റി ആയിരുന്നില്ലെന്നും എന്നാൽ പെനാൽറ്റി നേടിയെടുക്കാൻ റൊണാൾഡോ തൻ്റെ പരിചയമെല്ലാം വിനിയോഗിച്ചെന്നും താരം പറഞ്ഞു.
മത്സരത്തിൻ്റെ അറുപത്തഞ്ചാം മിനുട്ടുലായിരുന്നു വിവാദ പെനാൽറ്റി. റൊണാൾഡോയെ ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി.
എന്നാൽ സാങ്കേതിക വിദ്യയായ വാറിൻ്റെ പരിശോധന പോലും പെനാൽട്ടി അനുവദിക്കാൻ റഫറി നടത്തിയില്ലെന്നും പെനാൽട്ടി നൽകാൻ മാത്രമുള്ള ടാക്കിൽ അവിടെ നടന്നില്ലെന്നും പോർച്ചുഗീസ് ഇതിഹാസ താരം ലൂയി ഫിഗോയും മത്സരശേഷം അഭിപ്രായപ്പെട്ടു.അതേസമയം റൊണാൾഡോയെ സാലിസു പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നും റഫറിയുടെ തീരുമാനം ശരിയായിരുന്നുവെന്നും പോർച്ചുഗൽ ആരാധകർ പറയുന്നു.