ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ബ്രസീലിൻ്റെ ആദ്യ 2 മത്സരങ്ങൾ അവസാനിച്ചപ്പോൾ ലോകം ഏറ്റവും അത്ഭുതപ്പെട്ടത് ഫസ്റ്റ് ഇലവൻ കഴിഞ്ഞും ബ്രസീലിനായി ഇറങ്ങാൻ കാത്തിരിക്കുന്ന ബെഞ്ചിലെ താരങ്ങളുടെ നിരയെ കണ്ടാണ്. 2 ടീമായി കളിക്കാനുള്ള മികച്ച താരങ്ങളടങ്ങിയ ടീമെന്ന വിശേഷണം ഇതോടെ ബ്രസീലിന് സ്വന്തമായി. ലോകകപ്പിലെ മുന്നേറ്റത്തിൽ അപ്രസക്തമായ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ഇതിനാൽ പ്രധാന താരങ്ങളെ മാറ്റിയുള്ള ടീമിനെയാണ് ബ്രസീൽ കളിപ്പിച്ചത്.
എന്നാൽ കാമറൂണിനെതിരെ ബ്രസീലിൻ്റെ ഈ നീക്കം ഫലം കണ്ടില്ല. ഇതോടെ ബ്രസീലിൻ്റെ ബി ടീം മാത്രമായിരുന്നു അന്ന് കളിച്ചതെന്ന പ്രതിരോധമായി ബ്രസീൽ ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ എ ടീം ബി ടീം എന്നൊന്നില്ലാതെയാണ് ബ്രസീലിൻ്റെ മുന്നേറ്റമെന്ന് കളിക്കളത്തിൽ ബ്രസീൽ നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ തീരുമാനങ്ങൾ സാക്ഷ്യം നൽകുന്നു. ഇന്നലെ നടന്ന മത്സരത്തിലെ 80ആം മിനുട്ടിൽ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പർ ആലിസൺ ബെക്കർ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതോടെ സ്ക്വാഡിലെ 26 കളിക്കാരും ബ്രസീലിനായി ഒരേ ലക്ഷ്യത്തിനായി പന്ത് തട്ടിക്കഴിഞ്ഞു.
ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ തങ്ങളുടെ സംഘത്തിലെ 26 പേർക്കും അവസരം നൽകിയ ആദ്യ ടീമായി ബ്രസീൽ മാറി. 23 കളിക്കാർക്ക് അവസരം നൽകിയ നെതർലൻഡ്സിൻ്റെ റെക്കോർഡാണ് ബ്രസീൽ മറികടന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ മത്സരത്തിൽ 9 മാറ്റങ്ങളാണ് ആദ്യ ഇലവനിൽ ബ്രസീൽ വരുത്തിയത്. മത്സരത്തിൽ ബ്രസീൽ ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയിരുന്നു.