Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാഴ്‌സ തിരിച്ചുവന്നെടാ..,ആഞ്ചലോട്ടിക്ക് പുരികം ഉയര്‍ത്താന്‍ പോലും സമയം കൊടുത്തില്ല, റയലിന്റെ അണ്ണാക്കിലേക്ക് നാലെണ്ണം വിട്ട് ഫ്‌ലിക്കും പിള്ളേരും

Barcelona

അഭിറാം മനോഹർ

, ഞായര്‍, 27 ഒക്‌ടോബര്‍ 2024 (08:49 IST)
Barcelona
എംബാപ്പെയും ബെല്ലിങ്ങാമും വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും കമവിംഗയും ലൂക്കാ മോഡ്രിച്ചും എല്ലാമടങ്ങിയ സ്വപ്നതുല്യമായ റയല്‍ മാഡ്രിഡ് സംഘം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൂപ്പര്‍ താരങ്ങള്‍ അടങ്ങിയ സംഘമാണ്. ഗാലക്റ്റിക്കോസ് എന്നറിയപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ ഈ സംഘത്തിനെതിരെ അതിനാല്‍ തന്നെ വിജയിക്കുക എന്നത് പോയി പൊരുതുക എന്നത് തന്നെ വെല്ലുവിളിയാണെന്ന് ഏത് ഫുട്‌ബോള്‍ പ്രേമിക്കും അറിയുന്ന കാര്യമാണ്.
 
 എന്നാല്‍ വമ്പന്‍ സംഘമില്ലാതിരുന്നിട്ടും മെസ്സിയുടെയും സുവാരസിന്റെയും കാലഘട്ടത്തിന് ശേഷം ഇരുട്ടില്‍ തപ്പുന്ന ബാഴ്‌സയ്ക്ക് റയല്‍ മാഡ്രിഡിനെതിരെ പൊരുതാനിരിക്കാനാകില്ലല്ലോ. കാലങ്ങളായുള്ള ശത്രുത മാത്രമല്ല അതിന് കാരണം. ഇത്തവണ ടീമെന്ന നിലയില്‍ ലാ മാസിയയില്‍ വളര്‍ത്തിയെടുത്ത ഒരുപിടി താരങ്ങളുമായി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് ബാഴ്‌സ. ഹാന്‍സി ഫ്‌ളിക്കെന്ന ജര്‍മന്‍ മാന്ത്രികന്റെ പരിശീലകത്വത്തിന് കീഴില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്ന അതികായന്‍ മാത്രമാണ് നിലവില്‍ ബാഴ്‌സ നിരയിലുള്ള ഒരേ ഒരു സൂപ്പര്‍ താരം. ലാ മാസിയ വളര്‍ത്തിയെടുത്ത മറ്റ് താരങ്ങളെല്ലാം തന്നെ കരിയറിന്റെ തുടക്കത്തിലാണ്. എന്നാല്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡ് പടയെ തീര്‍ക്കാന്‍ ഈ യുവരക്തം തന്നെ ഫ്‌ളിക്കിന് ഏറെയായിരുന്നു.
 
 ലോകം കാത്തിരുന്ന സാന്റിയാഗോ ബെര്‍ണാബ്യൂവിലെ സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്റ്റാര്‍ സംഘത്തിന് മുകളില്‍ കാറ്റലോണിയന്‍ കാറ്റ് ആഞ്ഞടിക്കുന്ന കാഴ്ചയായിരുന്നു എല്‍ ക്ലാസികോയില്‍ ഇന്നലെ കാണാനായത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ലാമിന്‍ യമാലും റാഫീഞ്ഞയും സ്‌കോര്‍ ചെയ്തതോടെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ശക്തമായ പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
 
 54മത് മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കിയിലൂടെ ബാഴ്‌സ മുന്നിലെത്തി. റയല്‍ മാഡ്രിഡിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പോലും സമയം നല്‍കാതെ 2 മിനിറ്റിനുള്ളില്‍ തന്നെ ലെവന്‍ഡോവ്‌സ്‌കി ലീഡ് ഉയര്‍ത്തി. തിരിച്ചുവരവുകളുടെ രാജാവായ റയലിനെതിരെ വിജയം ഉറപ്പിക്കാന്‍ ഈ ഗോളുകള്‍ മതിയാകില്ലെന്ന് ബാഴ്‌സ ആരാധകര്‍ക്കും അറിയാമായിരുന്നു. അതിനാല്‍ തന്നെ 77മത്തെ മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ ഗോള്‍ വന്നതോടെയാണ് ബാഴ്‌സ ക്യാമ്പും വിജയം ഉറപ്പിച്ചത്. 84മത്തെ മിനിറ്റില്‍ റാഫീഞ്ഞയും ഗോള്‍ കണ്ടെത്തിയതോടെ റയല്‍ മാഡ്രിഡിന് മുകളില്‍ ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചു..
 
ലാലിഗയില്‍ കഴിഞ്ഞ 42 മത്സരങ്ങളിലും അപരാജിതരായാണ് റയല്‍ ബാഴ്‌സയ്‌ക്കെതിരെ ഇറങ്ങിയത്. ലാ ലീഗയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയമെന്ന ബാഴ്‌സലോണയുടെ റെക്കോര്‍ഡായ 43ലേക്കെത്താന്‍ ഒരു വിജയം മാത്രമായിരുന്നു റയല്‍ മാഡ്രിഡിന് ആവശ്യമായിരുന്നത്. ബാഴ്‌സലോണയെ തോല്‍പ്പിച്ച് കൊണ്ട് ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് റയല്‍ കടക്കുമെന്നാണ് ഭൂരിപക്ഷം ആരാധകരും കരുതിയിരുന്നതെങ്കിലും റയലിന്റെ ആ സ്വപ്നനേട്ടം സ്വന്തമാക്കാനുള്ള അവസരം ബാഴ്‌സ തന്നെ ഇല്ലാതാക്കുകയായിരുന്നു. വിജയത്തോടെ ലാലിഗയില്‍ 30 പോയന്റോടെ ബാഴ്‌സ ഒന്നാം സ്ഥാനത്താണ്. 24 പോയന്റുകളാണ് ലീഗില്‍ റയലിനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand, 2nd Test Result: പാക്കിസ്ഥാനേക്കാള്‍ വലിയ നാണക്കേടില്‍ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി, പരമ്പര നഷ്ടം