സൂപ്പർ താരം ലയണൽ മെസ്സിയെ എന്തുവില കൊടുത്തും സൗദി അറേബ്യയിലെത്തിക്കാൻ ശ്രമവുമായി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വൻതുക മുടക്കി മറ്റൊരു സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ സൗദിയിലെത്തിച്ചിരുന്നു.
നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലാണ് മെസ്സി കളിക്കുന്നത്. റൊണാൾഡോയ്ക്ക് വേണ്ടി 200 മില്യൺ യൂറോയാണ് അൽ നസ്ർ മുടക്കിയതെങ്കിൽ മെസ്സിക്ക് വേണ്ടി വർഷം 300 മില്യൺ യൂറോ മുടക്കാൻ അൽ ഹിലാൽ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഏകദേശം 2640 കോടി രൂപ വാർഷിക പ്രതിഫലം നൽകാമെന്നാണ് ക്ലബിൻ്റെ വാഗ്ദാനം. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ ഈ വർഷം അവസാനിക്കും.
നിലവിൽ പിഎസ്ജിയുമായി മെസ്സി കരാർ ഔദ്യോഗികമായി പുതുക്കിയിടില്ല. ജനുവരി മുതൽ മറ്റ് ക്ലബുകളുമായി കരാർ ചർച്ചകളിൽ ഏർപ്പെടാൻ മെസ്സിക്ക് സാധിക്കും. അതേസമയം മെസ്സിയുടെ പഴയക്ലബായ ബാഴ്സലോണയും യുഎസിലെ ഇൻ്റർ മയാമിയും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.