Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Varshangalkku Shesham Review: ഏത് താരപുത്രന്‍മാര്‍ വന്നാലും എന്റര്‍ടെയ്‌നര്‍ നിവിന്‍ ഉണ്ടെങ്കില്‍ നമുക്കത് പോരേ അളിയാ...! പക്കാ നിവിന്‍ പോളി ഷോയുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം'

ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നതാണ് ആദ്യ പകുതി. വളരെ സിംപിളായി കഥ പറയുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് പ്രവചനീയം കൂടിയാണ് ആദ്യ പകുതി

Varshangalkku Shesham Review

Nelvin Gok

, വ്യാഴം, 11 ഏപ്രില്‍ 2024 (17:32 IST)
Varshangalkku Shesham Review

Varshangalkku Shesham Review: മികച്ച ഫീല്‍ ഗുഡ് ചിത്രമായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം. സിനിമയും പാട്ടും സ്വപ്‌നം കണ്ടു ജീവിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതം അതിമനോഹരമായി സ്‌ക്രീനിലേക്ക് പകര്‍ത്തിയിരിക്കുകയാണ് വിനീത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിനീത് ശ്രീനിവാസന്റെ സ്‌ട്രോങ് ഏരിയയായ 'ഫീല്‍ ഗുഡ്' ഴോണറിലേക്ക് മറ്റൊരു മികച്ച സിനിമ കൂടി. ഏതൊക്കെ മേഖലകളില്‍ കുറവുണ്ടെങ്കിലും പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്തുന്ന എന്തോ ഒരു മാന്ത്രികത വിനീത് ശ്രീനിവാസന്‍ തുടരുകയാണ്...! 
 
സാഹിത്യത്തിലും എഴുത്തിലും കമ്പമുള്ള വേണുവും പാട്ടിനെ ഹൃദയത്തിലേറ്റി നടക്കുന്ന മുരളിയും പരിചയപ്പെടുന്നതും പിന്നീട് ഇവര്‍ തമ്മില്‍ ഉടലെടുക്കുന്ന ഊഷ്മളമായ സൗഹൃദവുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കം. ഗ്രാമീണ പശ്ചാത്തലത്തില്‍ തുടങ്ങുന്ന സിനിമ പിന്നീട് മദിരാശിയിലേക്ക് വണ്ടി കയറുന്നു...! സിനിമ സ്വപ്‌നം കാണുന്നവരുടെയെല്ലാം വിഹാരകേന്ദ്രം ഇന്ന് ചെന്നൈ പട്ടണം എന്നറിയപ്പെടുന്ന പഴയ മദിരാശി അഥവാ മദ്രാസ് ആണ്. അതുകൊണ്ട് തന്നെ വേണുവിനും മുരളിക്കും മദിരാശിയിലേക്ക് വണ്ടി കയറാതെ നിവൃത്തിയില്ല.
 
മദിരാശിയിലെത്തുന്ന വേണു ഒരു തിരക്കഥാകൃത്തും സംവിധായകനും ആകാന്‍ കൊതിക്കുമ്പോള്‍ മുരളിയുടെ സ്വപ്‌നം സംഗീത സംവിധായകന്‍ ആകുകയാണ്. അതിനായി ഇരുവരും മുട്ടാത്ത വാതിലുകള്‍ ഇല്ല...! ഒടുവില്‍ വേണു ഉയര്‍ച്ചയുടെ പടവ് കയറുമ്പോള്‍ മുരളി കരിയറില്‍ എവിടെയും എത്താനാകാതെ നിരാശപ്പെടുന്നു. പിന്നീട് ആ സൗഹൃദത്തില്‍ പിണക്കങ്ങളും അകല്‍ച്ചയും ഉണ്ടാകുന്നു. നല്ല സുഹൃത്തുക്കള്‍ക്ക് എത്രനാള്‍ അകല്‍ച്ചയില്‍ തുടരാന്‍ സാധിക്കും? 'വര്‍ഷങ്ങള്‍ക്കു ശേഷം' അവര്‍ കണ്ടുമുട്ടേണ്ടത് പ്രകൃതി സത്യം കൂടിയാണ്...! 
 
ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നതാണ് ആദ്യ പകുതി. വളരെ സിംപിളായി കഥ പറയുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് പ്രവചനീയം കൂടിയാണ് ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയുടെ ഗ്രാഫ് അടിമുടി മാറുന്നു. ഇമോഷണല്‍ ഡ്രാമയിലേക്ക് പോകുമെന്ന് തോന്നുന്നിടത്തു നിന്ന് പ്രേക്ഷകരെ എല്ലാം മറന്നു പൊട്ടിച്ചിരിപ്പിക്കുന്ന ലെവലിലേക്ക് സിനിമയുടെ ഗിയര്‍ ചേഞ്ചുണ്ട്..! അവിടെയാണ് ഈ സിനിമ വാണിജ്യപരമായി വിജയിക്കാന്‍ പോകുന്നത്.
 
പ്രധാന കഥാപാത്രങ്ങളേക്കാള്‍ അഴിഞ്ഞാടിയത് രണ്ടാം പകുതിയില്‍ വന്നു പോയ താരങ്ങളാണ്. അതില്‍ പ്രത്യേകം എടുത്തു പറയേണ്ടത് നിവിന്‍ പോളിയെയാണ്. ഏത് താരപുത്രന്‍മാര്‍മാര്‍ മാസ് കാണിച്ചു നിന്നാലും കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റുമായി ഒരു നിവിന്‍ പോളി കഥാപാത്രമെത്തിയാല്‍ അതുമതി മലയാളികള്‍ക്ക്...! അത്രത്തോളം പവര്‍പാക്ക്ഡ് പെര്‍ഫോമന്‍സാണ് വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ രണ്ടാം പകുതിയില്‍ നിവിന്‍ പോളി കാഴ്ചവെച്ചിരിക്കുന്നത്. നിവിന്‍ പോളി ഷോ കാണാന്‍ വേണ്ടി മാത്രം ഈ സിനിമയ്ക്കു ടിക്കറ്റെടുത്താലും നിങ്ങള്‍ക്ക് പണം നഷ്ടമാകില്ല. സെല്‍ഫ് ട്രോളുകളിലൂടെ പോലും നിവിന്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. നിവിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്നുണ്ട് ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍. രണ്ടാം പകുതിയില്‍ പ്രധാന കഥാപാത്രങ്ങളായ വേണുവിനേയും മുരളിയേയും പോലും പ്രേക്ഷകര്‍ മറന്നാലും കുറ്റം പറയാന്‍ കഴിയാത്ത വിധം ഗംഭീര പെര്‍ഫോമന്‍സാണ് ഇവരൊക്കെ നടത്തുന്നത്. 
 
വേണുവായി ധ്യാന്‍ ശ്രീനിവാസനും മുരളിയായി പ്രണവ് മോഹന്‍ലാലും വേഷമിട്ടിരിക്കുന്നു. ഇരുവരുടെയും കെമിസ്ട്രി സിനിമയില്‍ തരക്കേടില്ലാതെ വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. അപ്പോഴും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചത് ധ്യാന്‍ തന്നെയാണ്. വിവിധ കാലഘട്ടങ്ങളെ ധ്യാന്‍ ഗംഭീരമായി അവതരിപ്പിച്ചു. ഡയലോഗ് ഡെലിവറിയില്‍ അടക്കം ധ്യാന്‍ പുലര്‍ത്തിയ സൂക്ഷ്മത എടുത്തുപറയേണ്ടതാണ്. അതേസമയം മുന്‍ സിനിമകളില്‍ നിന്ന് ഒരടി പോലും പ്രണവ് മുന്നോട്ടു വന്നിട്ടില്ല. മോഹന്‍ലാലിനെ അതേപടി പകര്‍ത്താന്‍ പ്രണവ് ശ്രമിക്കുന്നതിനൊപ്പം അങ്ങനെയൊരു സാമ്യത സിനിമയ്ക്കു ഗുണം ചെയ്യുമെന്ന ധാരണ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു. പലപ്പോഴും പ്രണവിന്റെ അഭിനയം നാടകീയമായിരുന്നു. 
 
ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അമൃത് രാമനാഥിന്റെ സംഗീതം തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയെ പ്രേക്ഷകരുടെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന രഞ്ജന്‍ എബ്രഹാം. വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ചിത്രം 'ദ ഗോട്ട്' റിലീസ് പ്രഖ്യാപിച്ചു