കലാഭവൻ ഷാജോൺ തിരക്കഥയെഴുതി പൃഥ്വിരാജിന്റെ ഒരൊറ്റവാക്കിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ആദ്യചിത്രം ബ്രദേഴ്സ് ഡേ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പൃഥ്വിയുടെ അടുത്ത് കഥ പറയാൻ ചെന്ന ഷാജോണിനോട് ‘ചേട്ടന് തന്നെ ഇത് സംവിധാനം ചെയ്തു കൂടെ?’ എന്ന പൃഥ്വിയുടെ ചോദ്യത്തിൽ നിന്നുമാണ് ചിത്രം സംവിധാനം ചെയ്യാൻ ഷാജോൺ തയ്യാറായത്.
കോമഡി, റൊമാൻസ്, ആക്ഷൻ, ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡിയ്ക്ക് വേണ്ടി തയ്യാറാക്കിയ ആദ്യപകുതിയും ട്രാക്ക് മാറി ത്രില്ലറിലേക്ക് ചേക്കേറുന്ന രണ്ടാം പകുതിയുമാണ് ചിത്രം. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്.
ഫോർട്ട് കൊച്ചിയിൽ കാറ്ററിംഗ് സർവ്വിസ് നടത്തുന്ന റോണി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചങ്കായ മുന്നയ്ക്കൊപ്പമാണ് റോണി ഹോട്ടൽ നടത്തുന്നത്. റോണിയുടെ ജീവിതത്തിലേക്ക് വന്നു കയറുന്ന നിരവധി കഥാപാത്രങ്ങളുമായി കഥ മുന്നോട്ട് പോകുന്നു. ഇടയ്ക്ക് അപ്രതീക്ഷിതമായി ബിസിനസുകാരൻ ചാണ്ടിയെ കണ്ടുമുട്ടതോടെയാണ് കഥ മറ്റൊരു വഴിയിലേക്ക് മാറുന്നത്.
ആദ്യപകുതി മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്ത സംവിധായകന് സിനിമ ത്രില്ലർ മൂഡിലേക്ക് മാറിയപ്പോൾ രണ്ടാം പകുതിയിൽ എവിടെയോ ചില പാളിച്ചകൾ സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും ബോറടിപ്പിക്കാതെ മികച്ച ദൃശ്യാനുഭവം ആണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ത്രില്ലിംഗ് മൂഡ് നന്നായി തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആദ്യപകുതിയിൽ പരിചയപ്പെടുത്തിയ പല കഥാപാത്രങ്ങൾക്കും ക്ലൈമാക്സ് ആകുമ്പോഴേക്കും ക്ലിയർ പിക്ചർ നൽകാൻ കഴിഞ്ഞിട്ടുണ്ട്.
റോണി ആയുള്ള പൃഥ്വിയുടെ പ്രകടനം മികച്ചതായിരുന്നു. കോമഡി, ആക്ഷൻ സീനുകളെല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്. നായികയായി ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ എന്നിവർക്ക് കാര്യമായി ചെയ്യാനൊന്നും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. എങ്കിലും തങ്ങളുടെ റോളുകൾ അവരും ഭംഗിയാക്കി.
കോമഡി സീനുകൾ കൈകാര്യം ചെയ്ത വിജയരാഘവനും നിറഞ്ഞു നിൽക്കുന്നുണ്ട് സിനിമയിൽ. പ്രസന്നയും തരക്കേടില്ലാതെ തന്റെ റോൾ ഗംഭീരമാക്കി.
സുപ്രീം സുന്ദർ ചെയ്ത 2 ആക്ഷൻ സീനുകളും മികച്ച നിലവാരം ഉള്ളവയായിരുന്നു. നാദിർഷ ചെയ്ത ഗാനങ്ങളും 4 മ്യൂസിക് ചെയ്ത ബാക്ഗ്രൗണ്ട് സ്കോറും കഥയുടെ ഒഴുക്കിനൊപ്പം തന്നെ നീങ്ങുന്നതാണ്.