ചരിത്രം + ബ്രഹ്മാണ്ഡം = മമ്മൂട്ടി, ഒരു ഒന്നൊന്നര കോംപിനേഷൻ തന്നെ !
ഇന്ത്യൻ സിനിമയിലെ തന്നെ മഹാ അത്ഭുതമായി മാമാങ്കം മാറട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.
ചരിത്രകഥ പറയുന്ന സംവിധായകരുടെ മനസിൽ ആദ്യം ഓടിയെത്തുന്ന മുഖം അന്നും ഇന്നും മമ്മൂട്ടിയുടെ തന്നെ. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലും അത് അങ്ങനെ തന്നെ. കാത്തിരിപ്പിനൊടുവിൽ അവൻ അവതരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മഹാ അത്ഭുതമായി മാമാങ്കം മാറട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.
മറ്റൊരു ബാഹുബലി ആണോയെന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ, മറ്റൊരു ബാഹുബലി അല്ല, തന്റെ ചിത്രമെന്നാണ് സംവിധായകൻ പറയുന്നത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്. 2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്.
കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം.
നിളയുടെ ആഴിപ്പരപ്പിന്റെ ആഴവുമളന്ന് സ്വന്തം ചോരയ്ക്ക് കണക്കെഴുതാന്‍ പുറപ്പെട്ട ചേതനയറ്റ ഈ യോദ്ധാക്കളുടെ വലിയ പടനായകന്‍, ചന്ത്രത്തില്‍ ചന്തുണ്ണിയുടെ കൂടെ കഥയാണ് മാമാങ്കം. മാമാങ്കമഹോത്സവ ചരിത്രത്തിലാദ്യമായി സാമൂതിരിയുടെ ചോര നിളയുടെ മണല്‍തരികള്‍ക്കാഹാരമായി നല്‍കിയ ചന്ത്രത്തില്‍ ചന്തുണ്ണിയെ അത്രവേഗം മറക്കാൻ ചരിത്രത്തിനാകുമോ? സാക്ഷാല്‍ ചെങ്ങഴി നമ്പ്യാര്‍ക്ക് യുഗപുരുഷനെന്ന പട്ടം മനസ്സില്‍ ചാര്‍ത്തി നല്‍കി പടപൊരുതാനുറച്ചു ഈ മണ്‍തരികളില്‍ ചുവടുറപ്പിച്ച ചന്ത്രത്തില്‍ ചന്തുണ്ണി.
വള്ളുവനാടിന്റെ അഭിമാനസംരക്ഷണത്തിന് ചന്ത്രത്തില്‍ ചന്തുണ്ണി നയിച്ച ചാവേര്‍ പടയാളികള്‍ തിരുനാവായയില്‍ മഹത്തായ മാമാങ്കത്തില്‍ പട വെട്ടി ആത്മാഹുതി അനുഷ്ഠിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചിരിക്കുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇതേ ചാവേറുകൾ അരിഞ്ഞു തള്ളിയ സാമൂതിരിപടയാളികളുടെ കണക്ക് എണ്ണിയാൽ ഒതുങ്ങുന്നതല്ല.
ചിരഞ്ജീവിയെന്നു സ്വയം നടിക്കുന്ന സാമൂതിരിയുടെ പതിനായിരത്തോളം വരുന്ന സേനാനികളുടെ തലയറുത്ത്, നിലപാട് തറ വരെയെത്താന്‍ ഈ ചന്തുണ്ണിക്ക് അകമ്പടി നല്‍കിയ പോരാളികളുടെ അനന്യസാധാരണ വീരോചിതമുന്നേറ്റത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
1695-ലെ മാമാങ്കത്തിൽ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെയെത്തിയത്.
ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. മലയാളം ഇന്നേവരെ കാണാത്ത മാമാങ്കമെന്ന ദൃശ്യവിസ്മയം വെള്ളിത്തിരയിൽ കാണാനായി കാത്തിരിക്കാം.