Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന രാഷ്ട്രീയം, കളമൊരുങ്ങി!

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന രാഷ്ട്രീയം, കളമൊരുങ്ങി!

എസ് ഹർഷ

, ശനി, 12 ജനുവരി 2019 (11:20 IST)
രാജ്യം നിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ഭരണത്തുടർച്ചയല്ലാതെ മറ്റൊരു ലക്ഷ്യം നരേന്ദ്ര മോദിക്കും പാർട്ടിക്കുമില്ല. കൈവിട്ട് പോയ ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോൺഗ്രസും. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ മുന്നോട്ട് പോവുകയാണ്. ഇത് ലക്ഷ്യം വെച്ച് അണിയറയിൽ ഒരുങ്ങുന്നത് ഏഴ് ബയോപിക്കുകൾ ആണ്. രാഷ്ട്രീയനേട്ടം തന്നെയാണ് ഓരോ സിനിമയുടേയും ലക്ഷ്യമെന്ന് ഉറപ്പിക്കാം. 
 
അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബാല്‍ താക്കറെ, വൈ എസ് രാജശേഖര റെഡ്ഡി, എന്‍ടി രാമറാവു എന്നിവരുടെയെല്ലാം അവിശ്വസനീയമായ ജീവിതകഥ വൻ ബജറ്റിൽ ഒരുങ്ങുന്നു. ചിലത് അതിന്റെ അവസാന പണിയിലാണ്. ഇതിനോടൊപ്പം, ജയലളിതയുടെ ജീവിതകഥ പറയുന്ന രണ്ട് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
എന്തുകൊണ്ടാകാം രാഷ്ട്രീയം പറയുന്ന, അല്ലെങ്കിൽ രാഷ്ട്രീയം പറയാൻ വേണ്ടി മാത്രം ഇത്രയും സിനിമകൾ ഒരുങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു ഒരു ഉത്തരമേ ഉള്ളു. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമായി സിനിമ മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഓരോ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നത്. 
 
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ 
 
webdunia
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണിത്. നവാഗതനായ വിജയ് ഗട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപം ഖേറാണ് മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്. 
 
2004-08 കാലത്ത് മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോണിയ ഗാന്ധിയായി എത്തുന്നത് ജര്‍മന്‍ നടി സൂസന്‍ ബെര്‍നാടാണ്. 
 
പി.എം. നരേന്ദ്രമോദി  
 
webdunia
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമയാണ് ഈ കൂട്ടത്തില്‍ അവസാനമായി പ്രഖ്യാപിച്ച ബയോപിക്. വിവേക് ഒബ്റോയ് ആണ് നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുന്നത്. ഒരു പക്ഷേ, ആദ്യമായിട്ടാവാം ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കേ അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്നത്. മോദി സ്വയം മഹത്വവൽക്കാരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. 
 
എന്‍.ടി.ആര്‍
 
webdunia
നടനായും നിര്‍മാതാവായി പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും വളര്‍ന്ന എന്‍.ടി. രാമറാവുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് എന്‍.ടി. ആർ. എന്‍.ടി. രാമറാവുവിന്റെ മകന്‍ നന്ദമൂരി ബാലകൃഷ്ണയാണ് അച്ഛന്റെ വേഷത്തിൽ എത്തുന്നത് എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ റാണാ ദഗുബട്ടി അവതരിപ്പിക്കുന്നു. 
 
താക്കറെ  
 
webdunia
ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ദിഖി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം അഭിജിത്ത് പാൻസെയാണ് സംവിധാനം ചെയ്യുന്നത്. താക്കറെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകാൻ സാധ്യത. എന്നാൽ, ചിത്രത്തിനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. 
 
യാത്ര  
 
webdunia
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് 'യാത്ര'. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ എസ് ആർ നടത്തിയ പദയാത്രയാണ് ചിത്രം പറയുന്നത്. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ഭാമയുടെ വിവാഹം ഉടൻ, വരൻ?