വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാഡി കൂള്‍ എന്നൊരു മമ്മൂട്ടിച്ചിത്രം പ്രദര്‍ശനത്തിനെത്തി. ആഷിക് അബു സംവിധാനം ചെയ്ത സിനിമ. സിനിമയിറങ്ങുന്നതിന് മുമ്പ് വലിയ പ്രതീക്ഷയായിരുന്നെങ്കില്‍ ചിത്രം റിലീസായപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പ്രേക്ഷകരെ അമ്പേ നിരാശപ്പെടുത്തിയ ആ സിനിമയുടെ ഓര്‍മ്മയുണര്‍ത്തുകയാണോ മമ്മൂട്ടിയുടെ പുതിയ സിനിമ ‘ദി ഗ്രേറ്റ്ഫാദര്‍’.
മാര്‍ച്ച് അവസാന വാരം ഗ്രേറ്റ്ഫാദര്‍ റിലീസാകും. വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴത്തെ ഒരവസ്ഥ വച്ച് ഈ സിനിമ എത്തിപ്പെടാന്‍ സാധ്യതയുള്ള ഹൈറ്റ്സ് പ്രവചിക്കാന്‍ വയ്യ. ഈ പടം 100 കോടി ക്ലബില്‍ ഇടം നേടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രണ്ടാമത്തെ ടീസറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
മമ്മൂട്ടിയുടെ സ്റ്റൈലന്‍ പ്രകടനം കൊണ്ട് ആഘോഷമായി മാറിയ ആദ്യ ടീസറിന്‍റെ നിറം കെടുത്തുന്നതാണ് രണ്ടാം ടീസര്‍ എന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. ഡാഡി കൂളിന് സമാനമായി ഈ സിനിമയും ഒരു കുട്ടിത്തം നിറഞ്ഞ സിനിമയായിരിക്കുമെന്നും ആരാധകരുടെ പ്രതീക്ഷ പോലെ ആക്ഷന്‍ ത്രില്ലറൊന്നുമല്ലെന്നുമാണ് ടീസര്‍ നല്‍കുന്ന സന്ദേശം. എന്തായാലും മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ പ്രകടനങ്ങള്‍ കാത്തിരുന്നവര്‍ക്ക് ഈ കുട്ടിക്കളി അത്ര രസിച്ചിട്ടില്ല.
ഇന്ത്യയിലെമ്പാടും പരമാവധി തിയേറ്ററുകളില്‍ ഗ്രേറ്റ്ഫാദര്‍ റിലീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുവേണ്ടി ദിലീപ് ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരം രണ്ടുദിവസം മാറ്റിയാണ് റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ തന്നെ റിലീസിംഗ് സെന്‍ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനാണ് ഗ്രേറ്റ്ഫാദര്‍ ടീം ശ്രമിക്കുന്നത്. ഏതാണ്ട് 350 റിലീസിംഗ് സെന്‍ററുകള്‍ കേരളത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്.
നിര്‍മ്മാതാവ് പൃഥ്വിരാജ് ഇപ്പോല്‍ തന്നെ പ്രമോഷന്‍ കാര്യങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് സിനിമയുടെ പ്രസ്റ്റീജ് റിലീസായി ദി ഗ്രേറ്റ്ഫാദര്‍ എത്തും. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമ ആദ്യദിന കളക്ഷന്‍റെ കാര്യത്തിലും പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. സ്നേഹ നായികയാകുന്ന ചിത്രത്തില്‍ ആര്യയാണ് വില്ലനാകുന്നത്. ഹനീഫ് അദേനിയാണ് സംവിധാനം.