Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയിലെ ജഗന്റെ കുതിപ്പില്‍ മമ്മൂട്ടിക്ക് 'പങ്കുണ്ടോ'?

2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവില്‍ നിന്നേറ്റ കനത്ത പരാജയത്തില്‍ നിന്നാണ് ജഗന്മോഹനും പാര്‍ട്ടിയും ഇപ്പോള്‍ വിജയപഥത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ആന്ധ്രയിലെ ജഗന്റെ കുതിപ്പില്‍ മമ്മൂട്ടിക്ക് 'പങ്കുണ്ടോ'?
, വെള്ളി, 24 മെയ് 2019 (09:10 IST)
ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്ര പ്രദേശില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്ര പ്രദേശില്‍ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. പ്രധാന എതിരാളിയായ തെലുഗു ദേശം പാര്‍ട്ടി ഒരു സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. ഇത് ലോക്‌സഭയിലെ കണക്കുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ കുതിപ്പാണ് ജഗന്റെ പാര്‍ട്ടി നേടിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 152 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ടിഡിപിയുടെ ലീഡ് 23 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയി.
 
2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവില്‍ നിന്നേറ്റ കനത്ത പരാജയത്തില്‍ നിന്നാണ് ജഗന്മോഹനും പാര്‍ട്ടിയും ഇപ്പോള്‍ വിജയപഥത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അത് വെറുതെ സംഭവിച്ച ഒന്നല്ല. പോയ വര്‍ഷങ്ങളിലൊക്കെ ജഗന്മോഹന്‍ ക്യാമ്പ് ഇത്തരത്തിലൊരു വിജയത്തിനുവേണ്ടി സാധ്യമായ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. 2014ലെ പരാജയത്തിന് പിന്നാലെ നടത്തിയ, 3500 കിമീ നീണ്ട പദയാത്രയായിരുന്നു യഥാര്‍ഥത്തില്‍ അതിന്റെ തുടക്കം. മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം 'യാത്ര'യ്ക്ക് ആധാരമായ സാക്ഷാല്‍ വൈഎസ്ആറിന്റെ പദയാത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അണികളില്‍ ഉണര്‍ത്തി ജഗന്റെ പദയാത്ര. 
 
ഹൈ ടെക് ക്യാംപെയ്‌നിന്റെ ആളായ ചന്ദ്രബാബു നായിഡുവിന്റെ ഏത് പ്രചരണത്തിനും അതേനാണയത്തില്‍ മറുപടി നല്‍കാന്‍ ശ്രദ്ധിച്ചു ജഗന്‍മോഹന്‍. സ്ട്രാറ്റജി സപ്പോര്‍ട്ടിനുവേണ്ടി രണ്ടുവര്‍ഷം മുന്‍പ് ഐ-പാകിന്റെ പ്രശാന്ത് കിഷോറിനെ നിയമിച്ചു. എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ചന്ദ്രബാബു നായിഡു മോദിയുടെ വലിയ വിമര്‍ശകനായപ്പോള്‍ ആന്ധ്രയിലെ ബിജെപി അനുകൂലികളുടെ പിന്തുണയും ജഗന് ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച പിന്തുണയെക്കുറിച്ച് മൗനം പാലിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി എപ്പോഴും ശ്രദ്ധിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പിന്തുണയും ജഗന് ലഭിച്ചു. ഏറ്റവുമൊടുവില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പാണ് (ഫെബ്രുവരി 8) അച്ഛന്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പകര്‍ത്തിയ സിനിമ- 'യാത്ര' പുറത്തുവരുന്നത്. 
 
2004 നിയമസഭാ തെരഞ്ഞെടുപ്പിൽ‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്താന്‍ കാരണമായ, വൈഎസ്ആര്‍ നയിച്ച 1475 കി.മീ. ദൈര്‍ഘ്യമുള്ള പദയാത്രയിലായിരുന്നു സിനിമയുടെ ഊന്നല്‍. ഈ ചിത്രം കൊണ്ട് ആര്‍ക്കാണ് യഥാര്‍ഥമെച്ചം എന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന്റെ ടെയില്‍ എന്‍ഡ് പോലെ വന്ന യഥാര്‍ഥ വൈഎസ്ആര്‍ കടന്നുവരുന്ന വിഷ്വല്‍സ്. വൈഎസ്ആറിന്റെ 2004ലെ സത്യപ്രതിജ്ഞാചടങ്ങോടെ അദ്ദേഹത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്‌ക്രീനില്‍ നിന്ന് പിന്‍വാങ്ങുന്നു. പിന്നീടുള്ള മിനിറ്റുകള്‍ നീളുന്ന സീക്വന്‍സില്‍ യഥാര്‍ഥ വൈഎസ്ആറും അദ്ദേഹം നടത്തിയ പദയാത്രയും പിന്നാലെ ഹെലികോപ്റ്റര്‍ അപകടവും മരണവുമൊക്കെ കടന്നുവരുന്നു. ജഗന്‍മോഹന്‍ റെഡ്ഡി ഒരു വേദിയില്‍ നിന്ന് അണികളെ അഭിസംബോധന ചെയ്യുന്ന ദൃശ്യത്തോടെയാണ് 'യാത്ര' അവസാനിച്ചത്. വൈഎസ്ആറിന്റെ 'യഥാര്‍ഥ അനന്തരാവകാശി' പ്രതിച്ഛായ ജഗന്‍മോഹന് പകര്‍ന്ന് നല്‍കുന്നതില്‍ 'യാത്ര' വിജയിച്ചുവെന്ന് അന്നേ സിനിമാ, രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അത് ശരിയായിരിക്കാമെന്ന് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലവും നമ്മോട് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി നായകനായ 'യാത്ര'ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?