മലയാള സിനിമയിൽ നിർമ്മാതാവായും നടനായും സംവിധായകനായുമൊക്കെ തിളങ്ങുന്ന താരമാണ് വിജയ് ബാബു. മലയാള സിനിമയിൽ അടുത്ത കാലത്ത് വന്നൊരു ട്രെൻഡാണ് ബജറ്റ് പറഞ്ഞു സിനിമയെ മാര്ക്കറ്റ് ചെയ്യുക എന്നത്. പക്ഷെ ആ രീതി നല്ലതല്ലെന്നും ചിത്രത്തിന്റെ കണ്ടന്റ് പറഞ്ഞാണ് സിനിമ മാർക്കറ്റ് ചെയ്യപ്പെടേണ്ടതെന്നും വിജയ് ബാബു പറയുന്നു.
സിനിമയുടെ ബജറ്റ് പറഞ്ഞല്ല അതിനെ മാർക്കറ്റ് ചെയ്യേണ്ടത്. ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. കണ്ടന്റാണ് മാർക്കറ്റ് ചെയ്യേണ്ടത്. – വിജയ് ബാബു പറയുന്നു. അതേസമയം, മോഹൻലാലിന്റെ ഒടിയൻ എന്ന ചിത്രത്തെ കൊട്ടിയാണോ വിജയ് ബാബു ഇങ്ങനെ പറയുന്നതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
മലയാള സിനിമയുടെ വരുമാന മാർഗം തന്നെ മാറിയിരിക്കുകയാണെന്നാണ് വിജയ് ബാബു പറയുന്നത്.
“മലയാള സിനിമയുടെ റവന്യൂ മോഡൽ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് സാറ്റലൈറ്റ് റൈറ്റ് ഇല്ലായിരുന്നു. വിഡിയോ അവകാശമായിരുന്നു അന്ന് വരുമാനമാർഗം. ഇപ്പോൾ ഡിജിറ്റൽ വരുമാനം വിഡിയോയ്ക്ക് പകരം വന്നു. നെറ്റ്ഫ്ലിക്സും ആമസോണുമെല്ലാം പ്രാദേശിക ഭാഷകളിലെ സിനിമകൾ വാങ്ങുന്നുണ്ട്. വിമാനത്തിലും കപ്പലിലും വരെ സിനിമ കാണിക്കാനുള്ള അവകാശങ്ങൾ വിറ്റു പണം നേടാം.”.