കള്ളക്കടത്ത് കലയാക്കിയവനാണ് താരാദാസ്. ഏത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുദ്ധിക്കും മീതെ വലകെട്ടി അതിനുമുകളില്‍ പറന്നുപോകാന്‍ താരാദാസിന് കഴിയും. അങ്ങനെ രക്ഷപ്പെട്ടതിന്‍റെയും ഹീറോയിസം കാണിച്ചതിന്‍റെയുമൊക്കെ പല കഥകള്‍ നാട്ടുകാര്‍ക്ക് പറയാനുണ്ടാകും.
മമ്മൂട്ടിയുടെ താരാദാസ് എന്ന കഥാപാത്രം ഒരുപാട് ഡയമെന്‍ഷനുകളുള്ള ഒന്നായിരുന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ‘അതിരാത്രം’ എന്ന ചിത്രത്തിലാണ് താരാദാസ് എന്ന സ്മഗ്‌ളറായി മമ്മൂട്ടി അഭിനയിച്ചത്. പടം വലിയ ഹിറ്റായി. പ്രസാദ് എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാലും ആ സിനിമയില്‍ ഉണ്ടായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ വി ശശി തന്നെ താരാദാസിനെ വീണ്ടും കളത്തിലിറക്കി. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ആ പ്രൊജക്ട് പക്ഷേ വിജയിച്ചില്ല. ഒരു ബ്രില്യന്‍റ് തിരക്കഥയുടെ അഭാവമായിരുന്നു ആ ചിത്രത്തിന്‍റെ വീഴ്ചയ്ക്ക് കാരണം.
രണ്ടാമത്തെ വരവ് പാളിപ്പോയെന്നുകരുതി താരാദാസ് എന്ന കഥാപാത്രത്തോടുള്ള ആരാധനയില്‍ മലയാളികള്‍ക്ക് കുറവൊന്നും വന്നിട്ടില്ല. അപൂര്‍വമായി മാത്രമാണ് ലക്ഷണമൊത്ത അണ്ടര്‍വേള്‍ഡ് ക്യാരക്‍ടറുകള്‍ മലയാളത്തില്‍ സംഭവിക്കാറുള്ളത്. താരാദാസ് അത്തരമൊരു കഥാപാത്രമാണ്.
അതുകൊണ്ടുതന്നെ, താരദാസ് എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി വീണ്ടും സിനിമ വന്നാല്‍ അതിന് വലിയ സ്വീകരണം ലഭിക്കുമെന്നുറപ്പ്. തിയേറ്ററുകളെ കിടിലം കൊള്ളിക്കുന്ന ഒരു മാസ് പടമായി അത് മാറും. രണ്‍ജി പണിക്കര്‍ ആ സിനിമയ്ക്ക് തിരക്കഥയെഴുതിയാലോ? തകര്‍പ്പന്‍ ഡയലോഗുകളും ഇടിവെട്ട് മുഹൂര്‍ത്തങ്ങളുമുള്ള ഒന്നാന്തരം ഒരു ആക്ഷന്‍ ത്രില്ലര്‍ ഉണ്ടാകുമെന്നുറപ്പ്.
എന്തായാലും താരാദാസ് ആരാധകര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടി - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരു മൂന്നാം വരവിനായി.