മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. എണ്ണമറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ മമ്മൂട്ടി സിനിമയില്‍ എത്തിയത് അത്ര എളുപ്പത്തിലൊന്നും അല്ല. സിനിമയെന്ന സ്വപ്‌നം നെഞ്ചിലേറ്റി ചാന്‍സ് ചോദിച്ചു നടന്ന പയ്യനാണ് നമ്മള്‍ ഇന്നു കാണുന്ന മഹാനടന്‍. മമ്മൂട്ടിയെ തനിക്ക് പരിചയപ്പെടുത്തി തന്നത് നടന്‍ സുകുമാരനാണെന്ന് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ബാലചന്ദ്രമേനോന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാണ് സുകുമാരന്‍ ബാലചന്ദ്രമേനോന്റെ ചിത്രമായ കലികയുടെ സെറ്റിലേക്ക് എത്തുന്നത്. ആ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയെ കുറിച്ച് സുകുമാരന്‍ ബാലചന്ദ്രമേനോനോട് പറയുന്നത്. 'ഇക്കഴിഞ്ഞ സിനിമയില്‍ എന്റെ കൂടെ ഒരു ചെറുപ്പക്കാരന്‍ അഭിനയിച്ചു..മമ്മൂട്ടി..അവന്‍ ആള്‍ അപകടകാരിയാ..,' എന്നാണ് സുകുമാരന്‍ മമ്മൂട്ടിയെ കുറിച്ച് ബാലചന്ദ്രമേനോനോട് പറയുന്നത്. കഴിവുള്ള ഒരു അഭിനേതാവ് ഉയര്‍ന്നുവരുന്നതിനെ കുറിച്ചാണ് സുകുമാരന്‍ ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.
ചിരിയോ ചിരി എന്ന ചിത്രത്തിലാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും ഒന്നിക്കുന്നത്. ബാലചന്ദ്രമേനോന്‍ ആയിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരും മമ്മൂട്ടി എന്ന് തന്നെയായിരുന്നു. എല്ലാവരും തന്നെ മേനോന്‍ എന്നു വിളിക്കുമ്പോള്‍ മമ്മൂട്ടി തന്നെ വിളിക്കുക മിസ്റ്റര്‍ മേനോന്‍ എന്നാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.