പല സിനിമകളുടെ സെറ്റിലും രസകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ രസകരവും എന്നാൽ, സംവിധായകന് കുറച്ച് പൈസ നഷ്ടവും ഉണ്ടാക്കിയ ഒരു സിനിമ ലൊക്കേഷനെ കുറിച്ചറിയാം. മലയാള സിനിമയുടെ എണ്ണം പറഞ്ഞ ജനപ്രിയ ഹിറ്റുകളില്‍ ഒന്നാണ് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തിയ ‘ഹിറ്റ്ലര്‍’.
ഇരട്ട സംവിധായകരായ സിദ്ദിഖ് – ലാല്‍ കൂട്ട് കെട്ട് വഴി പിരിഞ്ഞ് സിദ്ദിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയ ആദ്യ ചിത്രവും ഹിറ്റ്ലറാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അനുഭവം സംവിധായകൻ ലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
എന്ത് കാര്യത്തിലും നർമം കണ്ടെത്താൻ ശ്രമിക്കുന്നയാളാണ് ലാൽ. എന്തിനും നർമം കണ്ടെത്തുന്ന ലാല്‍ പതിവുപോലെ സെറ്റിൽ ഒരു കൌണ്ടർ അടിച്ചെങ്കിലും ഇത്തവണ ചീറ്റിപ്പോയി. ഹിറ്റ് ലറിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം മമ്മൂട്ടി സിദ്ദിഖിനോടും ലാലിനോടും ഒരു പുതിയ വിശേഷം പറഞ്ഞു.”ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാകമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും…സമയം ഒത്തുവന്നാല്‍ ഞാന്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കും” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
പക്ഷേ, ഇത് കേട്ടയുടന്‍ ലാല്‍ മമ്മൂട്ടിയോടായി പറഞ്ഞു ” ഉറപ്പായും മമ്മൂക്ക ആ ഓഫര്‍ സ്വീകരിക്കണം.നമ്മള് ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രിട്ടീഷുകാര്‍ .അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയേ പറ്റൂ. മമ്മൂക്ക ആ പ്രോജക്റ്റില്‍ അഭിനയിക്കണം. അവന്മാര് കണക്കിന് അനുഭവിക്കട്ടെ ”. എന്നായിരുന്നു.
പക്ഷേ, ലാലിന്റെ മറുപടി മമ്മൂട്ടിക്കിഷ്ടമായില്ല. ഡയലോഗ് മേക്കപ്പോടെ മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു. അതോടെ അന്നത്തെ ദിവസത്തെ മീറ്റിംഗ് മുടങ്ങി. സ്വന്തം തമാശ നിര്‍മ്മാതാവായ ലാലിന് കൊടുത്തത് ഒരുലക്ഷം രൂപയുടെ നഷ്ട്ടമായിരുന്നു. പക്ഷേ, പടം ഹിറ്റായിരുന്നു.