കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്‍ ഹാസൻ തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ചും അവരുടെ വേര്‍പിരിയലിനെ പറ്റിയും ശ്രുതി ഹാസൻ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്‌സായതോടെ രാജ്യം വിട്ട് പോകാനാണ് തനിക്ക് തോന്നിയതെന്നാണ് ശ്രുതി പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി.
'എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ്വ പ്രതിഭാസമാണ്. അതെനിക്ക് ചെറിയ പ്രായത്തിലെ മനസ്സിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസ്സിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍ അത് എനിക്കും അനിയത്തിക്കും ലഭിച്ചു.
എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ ഞാന്‍ മുംബൈയിലേക്ക് താമസം മാറി. എന്റെ സുഹൃത്തുക്കളും ജീവിതവും ഒക്കെ ഇവിടെയായിരുന്നു അതെല്ലാം നഷ്ടപ്പെട്ട് പോയി. പിന്നീട് ഞാന്‍ ഇവിടേക്ക് തിരിച്ചു വന്നെങ്കിലും എനിക്ക് പഴയതുപോലെ ആസ്വദിക്കാന്‍ സാധിച്ചില്ല. ആ പഴയ ശ്രുതിയെ എനിക്ക് നഷ്ടപ്പെട്ടു. 15 മുതല്‍ 20 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് നമ്മുടെ പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന കാലം. മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മള്‍ എന്തായി തീരണമെന്നൊക്കെ അപ്പോഴാണ് തീരുമാനിക്കുക.
ആ സമയത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപ്പയുടെ സിനിമയുടെ പോസ്റ്ററുകള്‍ റോഡ് സൈഡിലൊക്കെ ഞാന്‍ കാണുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ഒന്നും എനിക്ക് സാധിച്ചില്ല. എങ്ങനെയും ഇവിടം വിട്ടു പോവുക എന്നത് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. ബോംബൈ അല്ല രാജ്യം വിട്ട് തന്നെ പോകാമെന്നു വിചാരിച്ചു. അങ്ങനെ പത്തൊമ്പതാമത്തെ വയസ്സില്‍ ഞാന്‍ അമേരിക്കയിലേക്ക് പോയി. അവിടെ നിന്നുമാണ് എന്റെ മ്യൂസിക് യാത്ര തുടങ്ങിയത്', ശ്രുതി പറയുന്നു.