എം ടി വാസുദേവൻനായരുടെ തിരക്കഥയായ രണ്ടാമൂഴം സിനിമയായി പ്രേക്ഷകരിലേക്ക് എത്തുമോ ഇല്ലയോ എന്ന സംശയം ഇപ്പോൾ നിലനിൽക്കുകയാണ്. തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചതുമുതലാണ് പ്രശ്‌നങ്ങൾ പുറംലോകം അറിഞ്ഞുതുടങ്ങിയത്.
ഇപ്പോൾ രണ്ടാമൂഴത്തിന്റെ തിരക്കഥ മഹാഭാരത എന്ന പേരിൽ പുറത്തിറങ്ങും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എം ടിയുടെ രണ്ടാമൂഴം കേസിൽ കിടക്കുമ്പോൾ വി എ ശ്രീകുമാർ മേനോൻ അതേ കഥ മഹാഭാരത എന്ന പേരിൽ എങ്ങനെ ചിത്രീകരിക്കും എന്ന സംശയം തന്നെയാണ് പ്രേക്ഷകർക്ക് ഇപ്പോഴും ഉള്ളത്.
എന്നാൽ ഈ തിരക്കഥ മഹാഭാരത എന്ന പേരില്‍ സിനിമയാക്കുന്നതിന് സംവിധായകന്‍ വിഎ ശ്രീകുമാറുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നാണ് എംടി വാസുദേവന്‍ നായരുടെ അഭിഭാഷകന് പറയുന്നത്‍.
എംടി തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് നിലനില്‍ക്കെ തന്നെ ശ്രീകുമാര്‍ ചിത്രത്തിനായി പുതിയ നിര്‍മാതാവിനെ കണ്ടെത്തി ധാരണാപത്രം ഒപ്പിട്ടതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ആ സാഹചര്യത്ത് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.
ആദ്യം ചിത്രം നിർമ്മിക്കാമെന്ന് പറഞ്ഞ ബി ആർ ഷെട്ടി ഇതിൽ നിന്നും പിന്മാറിയിരുന്നു. ശേഷമാണ് ശ്രീകുമാർ മേനോൻ പുതിയ നിർമ്മാതാവിനെത്തേടി ഇറങ്ങിയത്. എന്നാല്‍ ഇപ്പോൾ ശ്രീകുമാർ മേനോൻ കണ്ടെത്തിയ നിര്‍മാതാവ് എസ് കെ നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ധാരണാപത്രത്തില്‍ ഒപ്പിട്ടത് എംടിയുടെ അറിവോടെയല്ലെന്ന് അഡ്വ. ശിമരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇതോടെ അണിയറയിൽ ശക്തമായ കളികൾ നടക്കുന്നുണ്ട് എന്നാണ് സൂചനകൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീകുമാർ മേനോനും എം ടിയും ഒത്തുതീർപ്പിലെത്തണമെന്നും അതിനായി മോഹൻലാൽ എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.