കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ മലയാള സിനിമ വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയതോടെ മോഹൻലാലിന് കണ്ടകശനിയാണെന്നും ട്രോൾ വന്നു. താൻ ഉൾപ്പെടാത്ത കാര്യങ്ങൾ പോലും അവസാനം മോഹൻലാലിന്റെ തലയിൽ ആകുന്ന സ്ഥിയിലായി കാര്യങ്ങൾ.
വാർത്താസമ്മേളനത്തിൽ രേവതി, പാർവതി, പദ്മപ്രിയ എന്നിവരെ നടിമാർ എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്ത മോഹൻലാലിന്റെ പ്രസ്താവനയ്ക്കെതിരെ മൂന്ന് നടിമാരും രംഗത്തെത്തിയിരുന്നു. മോഹൻലാലിനെതിരെ രൂക്ഷ വിമർശനമായിരുന്നു രേവതി ഉന്നയിച്ചത്. ഇതിനു മറുപടിയുമായി മോഹൻലാലും സംഘവും മറ്റൊരു പത്രസമ്മേളനവും നടത്തിയിരുന്നു.
ഇപ്പോൾ വീണ്ടും വെട്ടിലായിരിക്കുകയാണ് സൂപ്പർസ്റ്റാർ. മീ ടൂ വെളിപ്പെടുത്തലുകളോട് തന്റെ അഭിപ്രായമെന്തെന്ന് തുറന്ന് പറഞ്ഞതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണ് എന്നായിരുന്നു മോഹൻലാൽ പരസ്യമായി പ്രതികരിച്ചത്.
ഇതിനെതിരെ രേവതി തന്നെ മറുപടി നൽകിയിരിക്കുകയാണ്. എന്നാൽ, അദ്ദേഹത്തിന്റെ പേര് പറയാതെയാണ് രേവതി മറുപടി നൽകിയത്. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇങ്ങനെയുള്ളവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല.‘ എന്നും രേവതി ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, തങ്ങളുടെ പേര് പറഞ്ഞില്ല, പകരം നടിമാർ എന്ന് മാത്രം വിളിച്ചു എന്ന് പരാതിപ്പെട്ട രേവതി മോഹൻലാലിനെ ‘പ്രമുഖ നടൻ‘ എന്ന് അഭിസംബോധന ചെയ്തത് എന്തേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. പ്രമുഖ നടന് പേരില്ലേ? പേര് പറയാൻ അറിയില്ലേ എന്നാണ് മോഹൻലാൽ ഫാൻസ് ചോദിക്കുന്നത്.
മീ ടൂ ക്യാമ്പെയിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നും കുറച്ച് കാലം അത് നിലനില്‍ക്കും പിന്നെ അതിന്റെ സമയം തീര്‍ന്ന് മങ്ങി തുടങ്ങും എന്നും മോഹൻലാൽ പറഞ്ഞിരുന്നു.