അത് മമ്മൂട്ടിയുടെ ടെസ്റ്റ് ഡോസ് ആയിരുന്നു. തമിഴ് ചിത്രമായ പേരന്‍പും തെലുങ്ക് ചിത്രമായ യാത്രയും. തെന്നിന്ത്യന്‍ സിനിമാലോകത്ത് മുഴുവനായി ഈ വര്‍ഷം സാന്നിധ്യമറിയിക്കുക എന്ന മമ്മൂട്ടിയുടെ പ്ലാനിന്‍റെ ഫലമായിരുന്നു അത്.
ഈ രണ്ട് ചിത്രങ്ങളും വന്‍ ഹിറ്റായതോടെ മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇനിയാണ് മമ്മൂട്ടി എന്ന മഹാനടന്‍റെ മനസിലുള്ള വലിയ പദ്ധതി പുറത്തുവരാന്‍ പോകുന്നത്. അത് ‘കുഞ്ഞാലിമരക്കാര്‍’ എന്ന ബഹുഭാഷാ ചിത്രമാണ്.
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ചിത്രീകരിക്കുന്ന കുഞ്ഞാലിമരക്കാര്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കമ്മാരസംഭവം’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ കഴിവുറ്റ സംവിധായകന്‍ എന്ന് പേരെടുത്ത രതീഷ് അമ്പാട്ട് കുഞ്ഞാലിമരക്കാറിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയം സൃഷ്ടിക്കാനൊരുങ്ങുകയാണ്.
ബാഹുബലിയേക്കാള്‍ വലിയ സിനിമയായാണ് കുഞ്ഞാലിമരക്കാര്‍ ഒരുങ്ങുക. ഓഗസ്റ്റ് സിനിമാസിനൊപ്പം സോണി പിക്‍ചേഴ്സും ഈ പ്രൊജക്ടില്‍ നിര്‍മ്മാണ പങ്കാളിയാകുമെന്നും സൂചനകളുണ്ട്. ബജറ്റ് 100 കോടിക്ക് മുകളിലായിരിക്കും.
തിരക്കുകള്‍ കാരണം സന്തോഷ് ശിവന്‍ സംവിധാനച്ചുമതല ഒഴിഞ്ഞ ശേഷമാണ് രതീഷ് അമ്പാട്ട് കുഞ്ഞാലിമരക്കാര്‍ ഏറ്റെടുത്തത്. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് കുഞ്ഞാലിമരക്കാരുടെ തിരക്കഥ തയ്യാറാക്കുന്നത്.