2010 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിലെ സിനിമയായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രത്തെ കുറിച്ച് ആദ്യമൊക്കെ മമ്മൂട്ടിക്ക് നല്ല കണ്‍ഫ്യൂഷനായിരുന്നുവെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇതില്‍ വല്ല കാര്യവുമുണ്ടോ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഇതേക്കുറിച്ചുള്ള തന്റെ ആശങ്ക മമ്മൂക്ക വേണുവിനോട് പറയുകയും ചെയ്തു. വേണു അത് എന്നോട് പറഞ്ഞു. സിനിമ വരുമ്പോള്‍ അത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു മുമ്പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്.‘
‘തിരക്കഥ എഴുതുമ്പോള്‍ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റില്‍ വെച്ച് എഴുതി ചേര്‍ക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് ആദ്യം തൃശ്ശൂര്‍ ഭാഷ പ്രശ്നമായിരുന്നു. അദ്ദേഹത്തിന് പരിചയമില്ലാത്ത ഭാഷയാണല്ലോ?. തൃശ്ശൂര്‍ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങളായി ഞാന്‍ കാസ്റ്റ് ചെയ്തത്. മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ് അദ്ദേഹം. വിചാരിച്ച പോലെ തന്നെ സംഭവിച്ചു.‘
മെല്ലെ മെല്ലെ തുടങ്ങി ഓടിക്കയറി നൂറ് ദിവസം പ്രദര്‍ശിപ്പിച്ചു. അങ്ങിനെ തന്നെയാണ് ഞങ്ങളും പ്രതീക്ഷിച്ചത്. രഞ്ജിത്ത് പറഞ്ഞു.