‘ഒരു പണിയുമില്ലാത്ത തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ’; നീരാളിയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയുമായി നിർമാതാവ്
‘ഒരു പണിയുമില്ലാത്ത തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ’; നീരാളിയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയുമായി നിർമാതാവ്
'നീരാളി'യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം പ്രതികരണങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ചിത്രത്തെ വിജയിപ്പിക്കണമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തകൾ വന്നിരുന്നു. വളരെ മോശം പ്രതികരണങ്ങളാണ് പലയിടങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
‘എന്റെ പുതിയ സിനിമയായ നീരാളിക്കെതിരെ ശിഥിലമായ ചില പോസ്റ്റുകൾ പടരുന്നതായി കണ്ടു. നീരാളി എന്റെ ആറാമത്തെ ചിത്രമാണ്. ഇതിൽ നാല് സിനിമകൾ എന്റെ അച്ഛൻ ജോയ് താനവേലിയാണ് നിർമിച്ചത്. അദ്ദേഹം ഐപിസി ട്രെഷറർ ആയി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ്. ഞാൻ എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. അല്ലാതെ മതപരമായ സംഘടനയുടെ ഭാഗമായല്ല. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്. എന്റെ തന്നെ യോഗ്യത കൊണ്ട് വിദേശത്തും ഇന്ത്യയിലും വിജയിച്ചുമുന്നേറുന്ന ബിസിനസ്സ്മാൻ ആണ് ഞാൻ. എന്റെ സിനിമകൾ ദേശീയ പുരസ്കാരവും സംസ്ഥാനപുരസ്കാരവും നേടി. അതിൽ അസൂയപൂണ്ട പലരും ഉണ്ടാകും. മാത്രമല്ല കൃത്യമായ ഇൻകം ടാക്സും ഞാൻ കെട്ടുന്നുണ്ട്.
സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങൾ എഴുതുന്നത്. സിനിമയ്ക്കെതിരെ വരുന്ന വീഡിയോസിനും നിരൂപണത്തിനും പിന്നിൽ ഫെയ്ക്ക് ഐഡന്റിറ്റികളാണ്. നല്ലതും ചീത്തയുമായ എല്ലാ നിരൂപണങ്ങളെയും ഞാൻ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാവർക്കും വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു' ഫേസ്‌ബുക്കിലൂടെ സന്തോഷ് ടി കുരുവിള പ്രതികരിച്ചു.