സ്ഫടികമായിരുന്നു പ്രചോദനം, റിലീസിന് മുൻപ് ആ രംഗം അദ്ദേഹത്തെ മാത്രം കാണിച്ചു; തുറന്നു പറഞ്ഞ് പൃഥ്വിരാജ്
ഭദ്രന്റെ സംവിധാനത്തിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിനു പ്രചോദമായത് എന്നാണ് താരം പറയുന്നത്.
സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. മോഹൻലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ പട്ടികയിലേക്കാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുംമ്പള്ളിയുടേയും സ്ഥാനം. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളുമെല്ലാം ആരാധകരുടെ ആവേശം കൂട്ടുന്നവയാണ്. കൈവിലങ്ങുമായി പൊലീസിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രംഗമാണ് കൂട്ടത്തിൽ ഏറ്റവും കൈയടി നേടിയത്. പ്രായത്തെ തോൽപ്പിക്കുന്ന മോഹൻലാലിന്റെ മെയ് വഴക്കമാണ് ഈ രംഗത്തിൽ വ്യക്തമാകുന്നത്. അതിനൊപ്പം തന്നെ ചില വിവാദങ്ങളും ഉയർന്നു വന്നിരുന്നു. ഇപ്പോൾ ഈ രംഗത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
ഭദ്രന്റെ സംവിധാനത്തിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിനു പ്രചോദമായത് എന്നാണ് താരം പറയുന്നത്. അതിനാൽ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഈ രംഗം ഭദ്രനെ കാണിച്ചിരുന്നു എന്നുമാണ് പൃഥ്വിയുടെ വാക്കുകൾ. ഒരു അവാർഡ് ചടങ്ങിനിടെയാണ് ഭദ്രനുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സു തുറന്നത്. ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ അനുഗ്രഹം തേടിയെന്നാണ് പൃഥ്വി പറയുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുൻപ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമേ കണ്ടിട്ടുള്ളൂ, അത് ഭദ്രൻ സാറാണ്. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അത് ചെയ്യാൻ പ്രചോദമായത്. അതുകൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചത്' താരം പറഞ്ഞത്.