പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ലൂസിഫർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രമായി ലൂസിഫർ മാറുമെന്നാണ് റിപ്പോർട്ട്. ചെറിയ സിനിമയെന്ന ബാനറിലായിരുന്നു ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇതേതുടർന്ന് പൃഥ്വിരാജിന്റെ പുകഴ്ത്തി നിരവധി ട്രോളുകൾ വന്നിരുന്നു.
എന്നാൽ ചിത്രം ഒരു ചെറിയ സിനിമയാണെന്നു പറഞ്ഞിട്ടില്ലെന്ന് ഇപ്പോൾ പറയുകയാണ് പൃഥ്വിരാജ്. ‘സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തത്. ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ല.’–പൃഥ്വിരാജ് പറഞ്ഞു.
കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ സെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വി.
‘വലിയ ഹിറ്റായി മാറുകയാണ് ചിത്രം. മലയാള സിനിമയ്ക്കു തന്നെ ഇത് പുതിയ അറിവാണ്. ഇൻഡസ്ട്രിയിലെ മറ്റുള്ളവർക്കും ഇതൊക്കെ പ്രചോദനമാകട്ടെ, ഗുണകരമാകട്ടെ. ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാൻ എന്റെ കൂടെ നിന്ന ഒരുപാട് പേരുണ്ട്. അതിൽ ഏറ്റവും വലിയ സ്ഥാനം നിർമാതാവായ ആന്റണി പെരുമ്പാവൂർ ആണ്. പുതുമുഖ സംവിധായകന് ഇത്രവലിയ വരവേൽപ് തന്നതിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരോട് ഒരുപാടു നന്ദി’.–പൃഥ്വി പറഞ്ഞു.