സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് നടപടി.
രാജരാജ ചോളൻ ഒന്നാമനെതിരെയുള്ള പരാമര്‍ശനത്തിന്റെ പേരില്‍ ഹിന്ദു മക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്തിനെതിരെ തഞ്ചാവൂർ തിരുപ്പനന്തൽ പൊലിസ് കേസെടുത്തത്.
കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുംഭകോണത്തിന് സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗള്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം.
രാജരാജ ചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്. ഇപ്പോഴുള്ള പല ക്ഷേത്രങ്ങളും ദളിതരുടേതായിരുന്നു. രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സമ്പ്രദായം വ്യാപകമാകുന്നതെന്നു അദ്ദേഹം പറയുകയുണ്ടായി.