Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹന്‍ലാലിനോട് പിടിച്ചുനില്‍ക്കാന്‍ നിവിന്‍ പോളിക്ക് കഴിയുമോ?

മോഹന്‍ലാലിനോട് പിടിച്ചുനില്‍ക്കാന്‍ നിവിന്‍ പോളിക്ക് കഴിയുമോ?
, ചൊവ്വ, 20 ഫെബ്രുവരി 2018 (12:06 IST)
കണ്ണിന്‍റെയോ വിരലിന്‍റെയോ ചെറുചലനം കൊണ്ടുപോലും ഒരു തിയേറ്ററിനെ മുഴുവന്‍ ത്രസിപ്പിക്കാന്‍ കെല്‍പ്പുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം സ്ക്രീനിലുള്ള ഓരോ നിമിഷവും പ്രേക്ഷകര്‍ ഒരു വൈദ്യുതപ്രവാഹം അനുഭവിക്കാറുണ്ട്. അത്ര വൈബ്രന്‍റായിട്ടുള്ള ഒരു നടന് ഒരു സിനിമ വിജയിപ്പിക്കാന്‍ അധികം സ്ക്രീന്‍ സ്പേസ് ഒന്നും ആവശ്യമില്ലതാനും.
 
പെരുവണ്ണാപുരത്തെ വിശേഷങ്ങളും സമ്മര്‍ ഇന്‍ ബേത്‌ലഹേമും ഒക്കെ ഉദാഹരണങ്ങളായി നമുക്ക് പറയാം. ആ സിനിമയില്‍ മറ്റ് താരങ്ങളാണ് നായകര്‍. മോഹന്‍ലാല്‍ വരുന്നത് വളരെ കുറച്ച് നിമിഷങ്ങളിലാണ്. എന്നാല്‍ സിനിമയെ അപ്പാടെ തന്‍റെ കൈപ്പിടിയിലൊതുക്കാന്‍ ആ നിമിഷങ്ങള്‍ കൊണ്ട് മോഹന്‍ലാലിന് കഴിഞ്ഞു. ആ സിനിമകളുടെ വലിയ വിജയത്തില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 
 
പറഞ്ഞുവരുന്നത്, നിവിന്‍ പോളി നായകനാകുന്ന ‘കായം‌കുളം കൊച്ചുണ്ണി’യെക്കുറിച്ചാണ്. ആ ചിത്രത്തില്‍ ‘ഇത്തിക്കര പക്കി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. പക്കിയായുള്ള ലാലിന്‍റെ മേക്കോവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇത്രയും വലിയ സ്വീകരണമാണ് ആ ലുക്കിന്‍റെ ചിത്രങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ മോഹന്‍ലാല്‍ സ്ക്രീനില്‍ വരുന്ന നിമിഷങ്ങളെ എങ്ങനെയാവും പ്രേക്ഷകര്‍ സ്വീകരിക്കുക?
 
കായം‌കുളം കൊച്ചുണ്ണി എന്ന സിനിമയെ ഇത്തിക്കര പക്കി വിഴുങ്ങുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നിവിന്‍ പോളി എത്ര അഭിനയിച്ചു തകര്‍ത്താലും മോഹന്‍ലാല്‍ വരുന്ന ആ രംഗങ്ങള്‍ സിനിമയുടെ മൊത്തം കളര്‍ മാറ്റിക്കളയാനുള്ള സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വാദമുയരുന്നു. അതായത് സിനിമയില്‍ നിവിന്‍ പോളിയെ മറച്ചുകളയുന്ന പ്രഭാവത്തോടെ മോഹന്‍ലാല്‍ അവതരിച്ചാല്‍ വിജയത്തിന്‍റെ ക്രെഡിറ്റും മോഹന്‍ലാലിന് ഇരിക്കുമെന്ന് സാരം.
webdunia
 
ഈ സിനിമയിലെ മോഹന്‍ലാലിന്‍റെ ലുക്കിനെ ഗ്ലാഡിയേറ്ററിനോടൊക്കെ ഉപമിക്കുന്നവരാണ് ഫേസ്ബുക്കില്‍ ഏറെയും. എന്നാല്‍ ഇത്തിക്കര പക്കിയുടെ യഥാര്‍ത്ഥ രൂപത്തില്‍ നിന്നും പ്രായത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മോഹന്‍ലാലിന്‍റെ ലുക്കെന്ന് പറയുന്നവരുമുണ്ട്. കൊച്ചുണ്ണിയുടെ സമകാലികനായിരുന്ന, അതേ പ്രായമുള്ള പക്കിയെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതിന്‍റെ യുക്തി ചോദ്യം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ എല്ലാത്തരം വിമര്‍ശനങ്ങളെയും തന്‍റെ പ്രകടനത്തിലൂടെ മറികടക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്ന വിശ്വാസം ഏവര്‍ക്കുമുണ്ട് എന്നതും സത്യം.
 
എന്തായാലും കായം‌കുളം കൊച്ചുണ്ണി തിയേറ്ററിലെത്തുന്നതുവരെ കാത്തിരിക്കാം. മോഹന്‍ലാലിന്‍റെയും നിവിന്‍ പോളിയുടെയും മിന്നുന്ന പ്രകടനങ്ങള്‍ വന്‍ ഹിറ്റാകട്ടെ എന്നാശംസിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുപ്പാക്കിക്കും കത്തിക്കും ശേഷം മുരുഗദോസ് - വിജയ് ടീം; ക്ലൈമാക്സ് അമേരിക്കയില്‍