'മരക്കാർ, അറബിക്കടലിന്റെ സിംഹം' തിരക്കഥ പൂർത്തിയായി; ഷൂട്ടിംഗ് നവംബറിൽ
മരക്കാറിന്റെ തിരക്കഥ പൂർത്തിയായി
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’– സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞു.
ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്.