പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം.
വിവാഹശേഷം ഇരുവരും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്ക് പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് വിവാഹവിരുന്ന്.
ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം. അന്നത്തെ സൗഹൃദമാണ് പിന്നീട് വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരും വിവാഹത്തിനു സമ്മതം മൂളി.
മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച കലാകാരിയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
താമരക്കുരുവിക്ക് തട്ടമിട്, ഒരു ചിരി കണ്ടാല്‍, പിണക്കമാണോ എന്നോടിണക്കമാണോ, ആറ്റിന്‍കരയോരത്ത്, റംസാന്‍ നിലാവിന്റെ, എന്തേ കണ്ണന്, നേരാണേ എല്ലാം നേരാണേ, കൈ നിറയെ വെണ്ണ തരാം, മുറ്റത്തെ മുല്ലേ ചൊല്ല്, കയ്യെത്താ കൊമ്പത്ത്, മഴവില്ലിന്‍ നീലിമ കണ്ണില്‍, ഈറന്‍ മേഘമേ എന്നിവയാണ് മഞ്ജരിയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍.