സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി ചിത്രം പേരൻപ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.
അമുദവനെന്ന ടാക്‌സീ ഡ്രൈവർക്ക് പുറമേ പാപ്പായുടെ അപ്പയായിട്ടുള്ള മമ്മൂട്ടിയുടെ പകർന്നാട്ടമാണ് ചിത്രത്തിലുടനീളം. ഇന്ന് പുലര്‍ച്ചെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. പലയിടങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു.
ചിത്രം കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയത്തേക്കുറിച്ചാണ്. കഥാപാത്രമാകാൻ മറന്നവരാണ് ഇവർ എന്ന് ഇതിനോടകം തന്നെ പ്രീമിയർ ഷോ കണ്ട പലരും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അമിതപ്രതീക്ഷയുമായി ചിത്രം കാണാൻ പോയവർക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.
ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാൽ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ കണ്ണിനേക്കാൾ കൂടുതൽ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ റാം എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.