അമരത്തിന് ശേഷം ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒരുമിച്ച ചിത്രമായിരുന്നു പാഥേയം. ഭരത് ഗോപിക്കൊപ്പം ജി ജയകുമാര്‍ ആണ് പാഥേയം നിര്‍മ്മിച്ചത്.
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ജയകുമാര്‍ മമ്മൂട്ടിയെ കാണാന്‍ ഫാസില്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തി. ഫാസിലും കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും കൂടിയിരുന്ന് സംസാരിക്കുന്നിടത്തേക്കാണ് ജയകുമാര്‍ എത്തിയത്.
‘ഇതിന് മുമ്പ് ഏത് പടമാണ് നിര്‍മ്മിച്ചത്?’ എന്ന് മമ്മൂട്ടി ജയകുമാറിനോട് ചോദിച്ചു. ‘പെരുന്തച്ചന്‍’ എന്ന് ജയകുമാര്‍ മറുപടി നല്‍കി. “ഓ തിലകന്‍ ചേട്ടന്‍റെ പടം... പത്ത് തിലകന്‍ ചേരുന്നതാണ് ഞാന്‍” എന്ന് മമ്മൂട്ടി മറുപടി പറഞ്ഞു. ഇതുകേട്ട് ജയകുമാര്‍ ഞെട്ടി.
തിലകന്‍ ചേട്ടന്‍ പരുക്കനും ചൂടനും ആര്‍ക്കും വഴങ്ങാത്തയാളുമാണെന്ന് ബോധ്യമുള്ളയാളാണ് ജയകുമാര്‍. അതിന്‍റെ പത്തിരട്ടി എന്ന് പറയുമ്പോള്‍, മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുന്നത് വലിയ റിസ്കായിരിക്കുമെന്ന് ജയകുമാറിന് തോന്നി. ഷൂട്ടിംഗ് തുടങ്ങിയാല്‍ തീരാത്ത തലവേദനകളാകും കാത്തിരിക്കുന്നതെന്നും അതുകൊണ്ട് പ്രൊജക്ടില്‍ നിന്ന് പിന്‍മാറാമെന്നും വരെ ജയകുമാര്‍ ചിന്തിച്ചു.
എന്നാല്‍ ഇത് കേട്ടുകൊണ്ടിരുന്ന കൊച്ചിന്‍ ഹനീഫ രഹസ്യമായി ജയകുമാറിനെ ആശ്വസിപ്പിച്ചു. ‘പുള്ളി അങ്ങനെ പറയുന്നു എന്നേയുള്ളൂ, ഭയപ്പെടാനൊന്നുമില്ല’ -എന്ന് ഹനീഫ ധൈര്യം നല്‍കി.
എന്തായാലും പാഥേയം തുടങ്ങിയതോടെ ജയകുമാറിന്‍റെ പേടി മാറി. കാരണം, സെറ്റില്‍ എല്ലാവരോടും സഹകരിച്ച് ഒരു കുഴപ്പവുമുണ്ടാക്കാതെ മമ്മൂട്ടി അഭിനയിച്ചു. ആദ്യം ഭയപ്പെട്ടതുപോലെയൊന്നുമല്ല മമ്മൂട്ടിയെന്ന് നിര്‍മ്മാതാവിന് ബോധ്യമായി.
അമരം പോലെ വമ്പന്‍ ഹിറ്റൊന്നുമായിരുന്നില്ല പാഥേയം. പക്ഷേ, നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ആ സിനിമയ്ക്ക് എന്നും ഇടമുണ്ടാകും.