മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ ഇനി മുതൽ ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും കാണാം. പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.
കുറച്ച് നാളുകൾക്ക് ശേഷമാണ് കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. ഒരു സൂപ്പർതാരത്തിന്റെ പടമിറങ്ങുമ്പോഴുള്ള, കൊട്ടിഘോഷിക്കപ്പെടുന്ന സോ കോൾഡ് ആരവങ്ങളൊന്നും ഇല്ലാതെയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ റിലീസിനെത്തിയത്.
മറ്റ് മാസ് ചിത്രങ്ങളിലേത് പോലെ ഫസ്റ്റ് ഡേ കളക്ഷന്റെ കണക്കറിയാനുള്ള ഫാൻസിന്റെ നെട്ടോട്ടമില്ല. പക്ഷേ പടം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രങ്ങളിൽ വെച്ച് ഏറ്റവും ഹൈപ്പ് കുറഞ്ഞ പടമാണ് ഉണ്ട. ആദ്യ ഷോ മുതൽ ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തി. സിനിമ പറയുന്ന രാഷ്ട്രീയം പ്രേക്ഷകരിലേക്ക് ആവോളം എത്തിക്കാൻ സംവിധായകന് കഴിയുകയും ചെയ്തു. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.