ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടിയ അവസ്ഥയാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ക്ക്. ഈ ക്രിസ്‌മസ് കാലത്ത് ‘ഷൈലോക്ക്’ പ്രദര്‍ശനത്തിനെത്തും എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. അതിനുവേണ്ടി ആരാധകര്‍ തയ്യാറെടുത്തുകഴിഞ്ഞതുമാണ്. എന്നാലിപ്പോള്‍ ഡിസംബറില്‍ ഇരട്ടി സന്തോഷമാണ് ആരാധകര്‍ക്ക് മമ്മൂട്ടി നല്‍കാന്‍ പോകുന്നത്.
മലയാളത്തിലെ എക്കാലത്തെയും ബ്രഹ്‌മാണ്ഡ ചിത്രമായ ‘മാമാങ്കം’ ഡിസംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. നേരത്തേ നവംബര്‍ 21നായിരുന്നു ഈ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം മൂന്നാഴ്ച നീട്ടിവയ്ക്കുകയായിരുന്നു. അതോടെ ഡിസംബറില്‍ മാമാങ്കവും ഷൈലോക്കും പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
ക്രിസ്‌മസ് കാലം ഈ രണ്ട് സിനിമകളും ചേര്‍ന്ന് മമ്മൂട്ടിയുടെ പേരില്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ഒന്ന് ചരിത്രപശ്ചാത്തലത്തിലുള്ള ത്രസിപ്പിക്കുന്ന സിനിമയാണെങ്കില്‍ മറ്റേത് ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍. ഈ രണ്ട് സിനിമകളും ഡിസംബറില്‍ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ മറ്റ് ചിത്രങ്ങളുടെ റിലീസുകളെല്ലാം ഡിസംബറില്‍ നിന്ന് മാറ്റിപ്പിടിക്കാന്‍ അവയുടെ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണ്.
എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം 50 കോടിയിലേറെ ബജറ്റില്‍ ഒരുങ്ങുന്ന യുദ്ധസിനിമയാണ്. മമ്മൂട്ടി ചാവേര്‍ ആയി അഭിനയിച്ചിരിക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ഒരു പലിശക്കാരന്‍റെ ജീവിതം പറയുന്ന മാസ് പടമാണ്. രാജ്‌കിരണ്‍, മീന തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നു.
(ഷൈലോക്ക് ജനുവരി അവസാനം റിലീസ് ചെയ്‌താലോ എന്ന രീതിയിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ ഒരുമിച്ച് വരുന്നത് ശരിയല്ല എന്ന അഭിപ്രായമുള്ളവര്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഷൈലോക്കിന്‍റെ കാര്യത്തില്‍ റിലീസ് ഡേറ്റ് മാറുമെന്നാണ് സൂചന).