മുഖ്യമന്ത്രി പിണറായി വിജയനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍ ഗാഢമായ സൌഹൃദബന്ധമാണ് ഉള്ളത്. കൈരളി ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി മനോഭാവമുള്ളയാളെന്ന നിലയിലും പിണറായിക്ക് മമ്മൂട്ടി എപ്പോഴും പ്രിയപ്പെട്ട ആളാണ്. അതിലുമുപരിയായ ഒരു സൌഹൃദവും ഇരുവരും കാത്തുസൂക്ഷിക്കുന്നു.
കഴിഞ്ഞ തവണ, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തണമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ മനസിലാണ് ചലച്ചിത്രതാരം ഇന്നസെന്‍റിന്‍റെ മുഖം ആദ്യം തെളിഞ്ഞത്. ഇന്നസെന്‍റിനെ മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ആ വഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ തീരുമാനമായി. എന്നാല്‍ ഒരു സംശയം ബാക്കിയുണ്ടായിരുന്നു. ഇന്നസെന്‍റ് മത്സരിക്കാന്‍ തയ്യാറാകുമോ?
ഇന്നസെന്‍റിന്‍റെ മനസറിയാന്‍ പിണറായി വിജയന്‍ നിയോഗിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെയാണ്. മമ്മൂട്ടി ഇക്കാര്യം ഇന്നസെന്‍റിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയുമൊക്കെ അഭിപ്രായം ചോദിച്ചറിഞ്ഞ ഇന്നസെന്‍റിന് പ്രധാനമായും സിനിമാ രംഗത്തെ മൂന്നുപേരുടെ അഭിപ്രായം ചോദിക്കേണ്ടതുണ്ടായിരുന്നു.
മോഹന്‍ലാല്‍, ദിലീപ്, ഇടവേളബാബു എന്നിവരോടായിരുന്നു ഇന്നസെന്‍റിന് ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. ഈ മൂന്നുപേരും പൂര്‍ണമായ പിന്തുണ അറിയിച്ചതോടെയാണ് മത്സരിക്കാന്‍ തയ്യാറെന്ന മറുപടി ഇന്നസെന്‍റ് മമ്മൂട്ടിക്കും പിണറായിക്കും നല്‍കിയത്.