ഏത് രംഗം കൊടുത്താലും മനോഹരമായി അഭിനയിക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ഏറെ വര്‍ഷത്തെ അഭിനയപരിചയവും അസാധാരണമായ പ്രതിഭയുമാണ് രാജുവിനെ ഇപ്പോഴും ജനപ്രിയ താരമാക്കുന്നത്. എങ്കിലും രാജുവിനെപ്പോലും വിഷമിപ്പിച്ച ഒരു അനുഭവമുണ്ട്.
അത് ‘ഹരികൃഷ്ണന്‍സ്’ എന്ന ഫാസില്‍ ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് നായകന്‍മാര്‍. ഒരു വക്കീലിന്‍റെ കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്നത്.
ഒരു സീനില്‍ വളരെ ദൈര്‍ഘ്യമുള്ള ഒരു ഡയലോഗ് രാജുവിന് പറയേണ്ടതുണ്ട്. എത്ര ദൈര്‍ഘ്യമുള്ള ഡയലോഗായാലും കാണാതെ പഠിച്ച് പറയുകയാണ് രാജുവിന്‍റെ പതിവ്. എന്നാല്‍ ഈ ഡയലോഗില്‍ നിറയെ വകുപ്പുകളും അവയുടെ അനവധി നമ്പരുകളുമൊക്കെയുള്ള ഒരു കാര്യമാണ്. പറഞ്ഞുവരുമ്പോള്‍ നമ്പരുകള്‍ മാറിപ്പോവുകയും തെറ്റുകയും ചെയ്യും.
രണ്ടുമൂന്നുതവണ തെറ്റിയപ്പോള്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ പ്രോംപ്‌റ്റ് ചെയ്തുകൊടുത്തു. അപ്പോഴും നമ്പരുകള്‍ തെറ്റി. ഉടന്‍ ഫാസില്‍ ഒരു വിദ്യ പ്രയോഗിച്ചു. പ്രോംപ്‌റ്റ് ചെയ്തുകൊടുത്ത സഹസംവിധായകര്‍ക്ക് കണക്കിന് ചീത്ത.
“നിങ്ങളെപ്പോലെയുള്ള അസിസ്റ്റന്‍റ് ഡയറക്‍ടേഴ്സിന്‍റെ വിചാരമെന്താണ്? രാജു ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം ഇത്തരം ഡയലോഗൊക്കെ മണിമണിയായി പറയുന്നതാണ്. ഈ ഡയലോഗും അദ്ദേഹം കാണാതെ പഠിച്ച് സൂപ്പറായി പറഞ്ഞോളും. എത്രമിനിറ്റ് വേണം രാജൂ?” - എന്ന് രാജുവിനോട് ഒരു ചോദ്യവും.
പത്തുമിനിറ്റ് മതിയെന്ന് രാജു. വൈകുന്നേരം അഞ്ചുമണിയാണ്. ബാക്കിയുള്ളവരെല്ലാം പഴംപൊരി കഴിച്ച് ചായയും കുടിച്ചിരിക്കുമ്പോള്‍ ഡയലോഗ് കാണാതെ പഠിക്കുന്നതിന്‍റെ തിരക്കിലായിരുന്നു മണിയന്‍പിള്ള രാജു. വീണ്ടും തെറ്റിച്ചാല്‍ നാണാക്കേടാണ്.
എന്തായാലും അടുത്ത ടേക്കില്‍ ആ ഡയലോഗ് അടിപൊളിയായി അവതരിപ്പിച്ച് രാജു പ്രതിസന്ധി മറികടന്നു.