ചോറിനോട് പൊതുവെ താല്‍പര്യം കുറവ്, മീന്‍ കറി പെരുത്തിഷ്ടം; മമ്മൂട്ടിയുടെ ഭക്ഷണരീതി ഇങ്ങനെ
വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം
ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന സിനിമാതാരമാണ് മമ്മൂട്ടി. പ്രായം 70 കഴിഞ്ഞിട്ടും ഇന്നും ചുറുചുറുക്കോടെ മമ്മൂട്ടിയുടെ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ ഭക്ഷണരീതിയും ചിട്ടയായ ജീവിതക്രമവുമാണ്. ഏത് സിനിമ സെറ്റിലും പേഴ്‌സണല്‍ ഷെഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരിക്കും.
വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ കൃത്യമായ കണക്കുണ്ടെന്ന് മാത്രം. മിതമായ അളവില്‍ മാത്രമേ മമ്മൂട്ടി മംത്സ്യ മാംസാദികള്‍ കഴിക്കൂ. വറുത്ത മീന്‍ മമ്മൂട്ടി അധികം കഴിക്കില്ല.
ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൈകിട്ടുള്ള ചായയ്ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല.
രാത്രി ഗോതമ്പ് കൊണ്ടോ ഓട്സ് കൊണ്ടോ ഉള്ള ദോശയാണ് മമ്മൂട്ടി കഴിക്കുക. ദോശയ്ക്കൊപ്പം ചിക്കന്‍ കഴിക്കും. കൂണ്‍ കൊണ്ട് ഉണ്ടാക്കിയ സൂപ്പും അത്താഴത്തിനൊപ്പം മമ്മൂട്ടിക്ക് വേണം.