ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരം നായകനായെത്തും. ഇതിൽ സ്ഥിരീകരണം ആകാത്തതുകൊണ്ടുതന്നെ ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയോ എൻട്രിക്കായാണ്.
നായക നടനെ കൂടാതെ ചിത്രത്തിൽ രൺജി പണിക്കരുടെ തീപ്പൊരി സംഭാഷണങ്ങൾ എടുത്തുനിൽക്കും എന്നുള്ളതും പ്രേക്ഷകർക്ക് ആകാംക്ഷ നൽകുന്നതുതന്നെയാണ്. സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിൽ ഫെഫ്ക നേതാക്കളായ ബി ഉണ്ണികൃഷ്ണന്റെയും സിബി മലയിലിന്റേയും സാന്നിദ്ധ്യത്തിൽ രൺജി പണിക്കരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അധികാരമേറ്റെടുക്കുകയും ചെയ്‌തു.
കൂടാതെ, സിനിമക്ക് പുറമെ സംഘടനയുടെ ധനശേഖരണാർത്ഥം സിദ്ധിഖിന്റെ സംവിധാനത്തിൽ ഒരു ചാനൽ പ്രോഗ്രാമും, അമ്മയുമായി സഹകരിച്ച് ഒരു സ്റ്റേജ് ഷോയും നടത്താനും തീരുമാനിച്ചു. രൺജി പണിക്കർ (പ്രസിഡന്റ്) ജി എസ് വിജയൻ (ജനറൽ സെക്രട്ടറി) സലാം ബാപ്പു (ട്രഷറർ) ജീത്തു ജോസഫ് (വൈസ് പ്രസിഡന്റ്) ഒ എസ് ഗിരീഷ് (വൈസ് പ്രസിഡന്റ്) സോഹൻ സീനുലാൽ (ജോയിന്റ് സെക്രട്ടറി) ബൈജുരാജ് ചേകവർ (ജോയിന്റ് സെക്രട്ടറി) സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ഷാഫി, മാളു എസ് ലാൽ, രഞ്ജിത്ത് ശങ്കർ, ജി മാർത്താണ്ഡൻ, ജയസൂര്യ വൈ എസ്, പി കെ ജയകുമാർ, മുസ്‌തഫ, ലിയോ തദേവൂസ്, ഷാജി അസീസ്, അരുൺ ഗോപി, സിദ്ധാർഥ് ശിവ, ശ്രീകുമാർ അരൂക്കുറ്റി എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.