പത്മകുമാർ സംവിധാനം ചെയ്ത ജോശഫ് എന്ന ചിത്രത്തിന്റെ 125ആം ദിവസ ആഘോഷ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വലുതെന്നോ ചെറുതെന്നോ ഇല്ലാതെ നല്ല സിനിമകൾ എല്ലാം വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
'വിജയങ്ങളെല്ലാം ചെറുതാകുന്ന കാലത്താണ് ഈ വലിയ വിജയമുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ വലിയ വലിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ പറയേണ്ട കാര്യമില്ല. സിനിമ ചെറുതും വലുതുമൊന്നുമില്ല, നല്ലതും ചീത്തയും മാത്രമേ ഉള്ളൂ. തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു കഥയായിരുന്നു. ഇങ്ങനെ എല്ലാം നന്നാകുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത് '' -മമ്മൂട്ടി പറഞ്ഞു.
'ജോജുവിനെ തുടക്കം മുതല്‍ കാണുന്ന ഒരാളാണ്. ഈ വിജയത്തിനു പിന്നില്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ ഉണ്ട്. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, ഒരു കാര്യം നിങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുയും ചെയ്താല്‍ വിജയിക്കാന്‍ സാധിക്കും. ജോജുവിനെതിരേ പ്രവര്‍ത്തിക്കാന്‍ പോലും ആളുകളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഈ വിജയം. ഇത് പപ്പേട്ടന്റെയും വിജയമാണ്. തിരക്കഥാകൃത്ത് ആലപ്പുഴക്കാരനായതിന്റെ സന്തോഷവുമുണ്ട്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും വിജയമാണ്. പൂമുത്തോളേ എന്ന ഗാനം ഏറെ ഹൃദ്യമായി. ജോസഫിന്റെ ഭാഗമല്ല, പക്ഷേ, സുഹൃത്ത് ജോജു എന്ന രീതിയില്‍ ഇതെനിക്ക് സന്തോഷത്തിന്റെ ദിവസമാണ് ''-കുഞ്ചോക്കോ ബോബൻ പറഞ്ഞു.
''ജോസഫിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിനു താഴെ പ്രിയാ കുഞ്ചാക്കോ ബോബന്റെ പേരുമുണ്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കിവെയ്ക്കുന്ന രണ്ടു സ്ഥലങ്ങളായിരുന്നു രണ്ടു പേരും''- രമേഷ് പിഷാരടിയുടെ വാക്കുകളായിരുന്നു ഇത്. ജോജു ജോര്‍ജുമായുള്ള കുഞ്ചോക്കോ ബോബന്റെ അടുപ്പം വിളിച്ചറിയിക്കുന്നതായിരുന്നു ഈ വരികൾ.