മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്നു പരസ്പരം ഏറ്റുമുട്ടുന്നവരാണെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. മറ്റൊരു ഇന്‍ഡസ്ട്രിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു ബന്ധവും ഈ രണ്ട് താരങ്ങള്‍ തമ്മിലുണ്ട്. ഇരുവരും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതില്‍ തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സഹോദരങ്ങളായി അഭിനയിച്ച ഒരു ചിത്രവുമുണ്ട്.
ടി.ദാമോദരന്‍ തിരക്കഥ രചിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത 'ഇനിയെങ്കിലും...' എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ അനിയനായി മോഹന്‍ലാല്‍ അഭിനയിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ദിവാകരന്‍ എന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് രവി എന്നും ആണ്. രാഷ്ട്രീയക്കാരനാണ് ദിവാകരന്‍. എല്ലാവിധ കുതന്ത്രങ്ങളും അറിയുന്ന രാഷ്ട്രീയക്കാരന്‍. എന്നാല്‍, രവി അങ്ങനെയല്ല. സമൂഹത്തിലെ എല്ലാ മോശം പ്രവണതകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന ക്ഷുഭിത യൗവനമായിരുന്നു രവി. ദിവാകരന്റെ രാഷ്ട്രീയത്തോട് രവിക്ക് ശക്തമായ എതിര്‍പ്പുണ്ട്. രവി അത് പരസ്യമാക്കുകയും ചെയ്യുന്നു. ചേട്ടന്റെ തെറ്റുകള്‍ക്കെതിരെ പോരാടുന്ന രവിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മമ്മൂട്ടിയും തകര്‍ത്താടി. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കൊണ്ട് മോഹന്‍ലാല്‍ പൊറുതിമുട്ടിയെന്ന് സിനിമ കാണുന്ന ആര്‍ക്കും തോന്നും.
1983 ല്‍ പുറത്തിറങ്ങിയ 'ഇനിയെങ്കിലും..' ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.