മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള ഒരു സംവിധായകനാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ ആദ്യ സിനിമ. മമ്മൂട്ടിയാണ് മറവത്തൂര്‍ കനവില്‍ നായകവേഷം അവതരിപ്പിച്ചത്. താനും മമ്മൂട്ടിയും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണെന്ന് ലാല്‍ ജോസ് പല വേദികളിലും പറഞ്ഞിട്ടുണ്ട്. സംവിധാനത്തില്‍ കമലിന്റെ സഹായിയാണ് ലാല്‍ ജോസ് സിനിമയിലെത്തിയത്. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍ തുടങ്ങിയ കമല്‍ സിനിമകളില്‍ ലാല്‍ ജോസ് സഹായിയായി കൂടെയുണ്ടായിരുന്നു.
അഴകിയ രാവണന്‍ സിനിമയുടെ സമയത്ത് താന്‍ മമ്മൂട്ടിക്കൊപ്പം മദ്രാസിലേക്ക് കാറില്‍ പോയ സംഭവം ലാല്‍ ജോസ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയും താനും തമ്മിലുള്ള രസകരമായ സംസാരത്തെ കുറിച്ച് ലാല്‍ ജോസ് വിവരിച്ചു. കൈരളി ടിവിയിലെ ജെബി ജങ്ഷനിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
' അഴകിയ രാവണന്‍ ഷൂട്ടിങ് നടക്കുന്നതിനൊപ്പം സമാന്തരമായി സിനിമയുടെ ഡബ്ബിങ്ങും നടക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ മഹാബലിപുരം ബീച്ചില്‍ നിന്ന് മദ്രാസിലേക്ക് ഡബ്ബിങ്ങിനായി മമ്മൂക്കയ്‌ക്കൊപ്പം ഞാന്‍ പോയി. കമല്‍ സാര്‍ എന്നോട് പോകാന്‍ പറഞ്ഞിരുന്നു. കമല്‍ സാര്‍ ഇവിടെ ഷൂട്ടിങ്ങിലായിരുന്നു. മമ്മൂക്ക കാര്‍ ഓടിക്കുന്നു, ഞാന്‍ അടുത്തിരുന്നു. കാറില്‍വച്ച് എന്റെ വിശേഷങ്ങള്‍ ചോദിച്ചു. പേരന്റ്‌സ് എന്താ ചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചു. അധ്യാപകരാണെന്ന് ഞാന്‍ പറഞ്ഞു. വീട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഒറ്റപ്പാലം ആണെന്നും പറഞ്ഞു. കമലിന്റെ സഹായിയായി എത്തിയിട്ട് ആറ്-ഏഴ് വര്‍ഷമായെന്നും പറഞ്ഞു. ഒറ്റപ്പാലത്തുനിന്ന് കമലിന്റെ സഹായിയായി എത്തി സിനിമയില്‍ ആറ്-ഏഴ് വര്‍ഷം കഴിഞ്ഞില്ലേ, ഇതുവരെ താന്‍ എന്ത് നേടി എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ മൂന്ന് പെയര്‍ വസ്ത്രങ്ങളും അഞ്ച് കുപ്പി അച്ചാറുമായാണ് ഞാന്‍ വന്നത്. ഇപ്പോ ഉണ്ടായതെല്ലാം നേട്ടങ്ങളാണ്. ഏറ്റവും വലിയ നേട്ടം മലയാളത്തിലെ വലിയൊരു താരം ഇപ്പോ എന്റെ ഡ്രൈവറാണ് എന്നും ഞാന്‍ മറുപടി നല്‍കി. ഇത് കേട്ടതും മമ്മൂക്ക തന്റെ പ്രസിദ്ധമായ ചിരി ചിരിച്ചു. നീ കൊള്ളാം, നീയൊരു നില്‍പ്പ് നില്‍ക്കും എന്നാണ് മമ്മൂക്ക എന്നോട് അപ്പോള്‍ തമാശയായി പറഞ്ഞത്,' ലാല്‍ ജോസ് പങ്കുവച്ചു.