King Of Kotha Review: ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത പ്രേക്ഷകരെ നിരാശപ്പെടുത്തി. പറയത്തക്ക പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ശരാശരി ചിത്രമെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രവചനീയമായ കഥയാണ് സിനിമയുടെ പ്രധാന പോരായ്മയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന നിലയില്‍ ഒരിടത്തും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ല. ഇരുപത് മിനിറ്റുകൊണ്ട് പറഞ്ഞുതീര്‍ക്കേണ്ട ഫ്‌ളാഷ്ബാക്ക് ഒരു മണിക്കൂറിലേറെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നു. ആക്ഷന്‍ സീനുകള്‍ കൊണ്ടോ മാസ് ഡയലോഗുകള്‍ കൊണ്ടോ പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിക്കുന്നില്ല. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം മാത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത്.
തുടക്കം മുതല്‍ വളരെ പതുക്കെയാണ് ചിത്രത്തിന്റെ കഥ പറച്ചില്‍. കൊത്ത എന്ന ക്രിമിനല്‍ നഗരത്തിലെ മനുഷ്യരുടെ ചരിത്രം പറയുന്നതിനാണ് ആദ്യ പകുതി പ്രാധാന്യം നല്‍കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനം ആദ്യ പകുതിയില്‍ അല്‍പ്പമെങ്കിലും തൃപ്തിപ്പെടുത്തുന്നുണ്ട്.
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം 2500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.