അധികം ചർച്ചകളിലും, വാർത്താ തലക്കെട്ടുകളിലും ഇല്ലാതിരുന്ന ചിത്രമാണ് 49മത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മികച്ച ചിത്രത്തിനുളള പുരസ്ക്കാരം സ്വന്തമാക്കിയത്. കാന്തൻ ദി ലവർ ഓഫ് കളർ എന്ന ചിത്രം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നത് ഷെരീഫ് സിയാണ്. തിരുനെല്ലിനെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നല്ലനിൽപ്പിനായുളള പോരാട്ടങ്ങളുടെയും കഥയാണ് സിനിമയുടെ പ്രമേയം.
മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതവും സമയവും മാറ്റിവച്ച ദയാബായിയാണ് സിനിമയിലെ മുഖ്യ കഥാപാത്രം. ചിത്രത്തിൽ ഇത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന കുട്ടിയെ തന്റെടവും ആർജവവുമുളളവനാക്കി ഇത്യാമ്മ വളർത്തുന്നു. ചിത്രത്തിൽ കാന്തനായി അഭിനയിച്ചിരിക്കുന്നത് 2012ൽ മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാർഡ് നേടിയ മാസ്റ്റ്ർ പ്രജിത്താണ്. ലിപികളില്ലാത്ത ആദിവാസികളുടെ ഭാഷയാണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. വയനാട്ടിലും, കണ്ണൂരിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങളോടു കൂടെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 90 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഒട്ടേറെ കോളനി നിവാസികളും ചിത്രത്തിലഭിനയിച്ചിട്ടുണ്ട് എന്നത് മറ്റോരു പ്രത്യേകതയാണ്. കഥാകൃത്ത് പ്രമോദ് കൂവേരിയുടെതാണ് കഥയും, തിരക്കഥയും, സംഭാഷണവും. ചിത്രത്തിന്റെ ക്യാമറ പ്രിയനും, എഡിറ്റിങ് പ്രശോഭുമാണ്. റോളിങ് പിക്സ് എന്റർടെയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.