ഇങ്ങേര് വെറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ഡികാപ്രിയോയ്ക്ക് കൈയ്യടിച്ച് ജോജു
തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ജോജു ഡികാപ്രിയോയെ പ്രശംസിച്ചെത്തിയത്.
കാട്ടുതീ മൂലം നശിച്ച ആമസോൺ കാടുകളുടെ പുനരുജ്ജീവനത്തിനായി 36 കോടി നല്‍കിയ ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് സൂപ്പർതാരവുമായ ലിയനാർഡോ ഡി കാപ്രിയോയെ പ്രശംസിച്ച് നടൻ ജോജു ജോർജ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്ത് കൊണ്ട് വന്നത് ഡികാപ്രിയോയുടെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചെന്നും ജോജു പറയുന്നു.
തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ജോജു ഡികാപ്രിയോയെ പ്രശംസിച്ചെത്തിയത്. 'ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ട് വന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് യുഎൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക അഞ്ച് മില്യൺ ഡോളറും. വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ, ലിയനാര്‍ഡോ ഡി കാപ്രിയോ", ജോജു കുറിച്ചു.
ആമസോൺ കാടുകൾ കത്തിയെരിയുമ്പോൾ എന്തുകൊണ്ട് എല്ലാവരും മൗനം ഭജിക്കുന്നുവെന്നും മാധ്യമങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഡികാപ്രിയോ ചോദിച്ചിരുന്നു. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമർശനം. തുടർന്നാണ് താൻ നേതൃത്വം നല്‍കുന്ന എര്‍ത്ത് അലയൻസ് എന്ന സംഘടനയുമായി സഹകരിച്ച് 36 കോടി രൂപ താരം സംഭാവനയായി നല്‍കിയത്.