അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 41 വര്‍ഷം തികഞ്ഞു. 1980 നവംബര്‍ 16 ന് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഹെലികോപ്റ്ററില്‍ തൂങ്ങി കിടന്നുള്ള ഒരു സംഘട്ടന രംഗമായിരുന്നു. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജയന്‍ ഹെലികോപ്റ്ററില്‍ നിന്നു പിടിവിട്ട് താഴേക്ക് വീണു.
കോളിളക്കത്തിലെ ക്ലൈമാക്‌സ് രംഗം നേരത്തെ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, അതില്‍ ജയന് തൃപ്തിയുണ്ടായിരുന്നില്ല. സംവിധായകന്‍ ഉള്‍പ്പെടെ ഓക്കെ പറഞ്ഞിട്ടും വീണ്ടും ചിത്രീകരിക്കണമെന്ന നിലപാടായിരുന്നു ജയന്. അറിയപ്പെടാത്ത രഹസ്യമെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ജയന്‍ കോളിളക്കത്തില്‍ അഭിനയിക്കാനായി പോയത്. ഒരു ദിവസത്തെ ഷൂട്ടിനായി പോയി വരാമെന്നാണ് ജയന്‍ പറഞ്ഞത്. നസീര്‍, ജയഭാരതി അടക്കമുള്ള പ്രമുഖ താരങ്ങള്‍ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയില്‍ ജയനൊപ്പം അഭിനയിച്ചിരുന്നു.
കോളിളക്കത്തിന്റെ സെറ്റിലേക്ക് പോകാന്‍ നില്‍ക്കുന്ന ജയന് അന്ന് നസീര്‍ ഒരു ഉപദേശം നല്‍കി. 'ജയാ, പോകുന്നതില്‍ വിരോധമില്ല. പക്ഷെ ഹെലികോപ്റ്ററില്‍ വെച്ചുള്ള സ്റ്റണ്ട് രംഗമാണ് സൂക്ഷിക്കണം. ഡ്യൂപ്പിനെയിട്ടു ചെയ്താല്‍ മതി,' എന്നാണ് നസീര്‍ അന്ന് ജയനോട് പറഞ്ഞത്. 'ശ്രദ്ധിച്ചോളാം' എന്ന മറുപടിയായിരുന്നു നസീറിന് അന്ന് ജയന്‍ നല്‍കിയത്. എന്നാല്‍, കോളിളക്കം സെറ്റിലെത്തിയ ജയന്‍ ആ രംഗം ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് വാശി പിടിക്കുകയായിരുന്നു.