1986ല്‍ സംഭവിച്ച അത്ഭുതമായിരുന്നു ആവനാഴി. ഐ വി ശശി - ടി ദാമോദരന്‍ ടീമിന്‍റെ ഈ മമ്മൂട്ടി സിനിമ മെഗാഹിറ്റായി മാറി. അന്നുവരെ കണ്ടുപരിചയിച്ച നായക സങ്കല്‍പ്പത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ ബല്‍റാം.
പച്ചത്തെറി പറയുകയും പരസ്യമായി കള്ളുകുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന ഒരു പൊലീസുദ്യോഗസ്ഥനായിരുന്നു ബല്‍റാം. എന്നാല്‍ സിനിമയ്ക്ക് ഇടിച്ചുകയറിയത് കുടുംബപ്രേക്ഷകര്‍ തന്നെയായിരുന്നു. ആ സമയത്ത് അല്‍പ്പം മങ്ങിനില്‍ക്കുകയായിരുന്നു മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫ്. ആവനാഴി നേടിയ വന്‍ വിജയം മമ്മൂട്ടിക്ക് നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല.
രണ്ടുമണിക്കൂര്‍ 36 മിനിറ്റായിരുന്നു ആവനാഴിയുടെ ദൈര്‍ഘ്യം. അത്രയും നേരവും പ്രേക്ഷകര്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആസ്വദിക്കുകയായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആവനാഴിയിലെ ബല്‍റാമിനെ വെല്ലുന്ന ഒരു പൊലീസ് കഥാപാത്രം മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.
ഇന്‍സ്‌പെക്‍ടര്‍ ബല്‍റാം, ബല്‍റാം വേഴ്സസ് താരാദാസ് എന്നീ സിനിമകളില്‍ക്കൂടി പിന്നീട് മമ്മൂട്ടി ബല്‍റാമായി മാറി. ആ രണ്ട് സിനിമകളും സംവിധാനം ചെയ്തത് ഐ വി ശശി തന്നെയായിരുന്നു. ഇന്‍സ്‌പെക്‍ടര്‍ ബല്‍റാം വന്‍ ഹിറ്റായപ്പോള്‍ ബല്‍റാം വേഴ്സസ് താരാദാസ് ദയനീയ പരാജയമായി. എങ്കിലും ബല്‍റാം ഒരിക്കല്‍ കൂടി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളത്തിലെ സിനിമാ പ്രേമികള്‍. വരുമോ ഇന്‍സ്‌പെക്ടര്‍ ബല്‍റാം വീണ്ടും? കാത്തിരിക്കാം.
ഐ വി ശശി - ടി ദമോദരന്‍ ടീമിന്‍റെ ഏറ്റവും വലിയ ആരാധകരും പിന്തുടര്‍ച്ചക്കാരുമായ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ വീണ്ടും അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും? അഭിപ്രായം കമന്‍റായി എഴുതുക.