നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രമാണ് മിഖായേൽ. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകർ ത്രില്ലിലാണ്. പൊതുവേ മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാവൽ മാലാഖയായി നിവിൻ പോളി എത്തുന്ന ത്രില്ലർ ചിത്രത്തിൽ ഹനീഫ് അദേനി മാജിക് നിറഞ്ഞുനിൽക്കുന്നുണ്ട്. ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികൾക്കും ശേഷം എത്തിയ ത്രില്ലർ ചിത്രമായതുകൊണ്ടും അതിൽ നിന്നും ഇത്തിരി മുകളിൽ തന്നെയാണ് മിഖായേൽ നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടറായ മൈക്ക് അഥവാ മിഖായേൽ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് മിഖായേലിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നായിക കഥാപാത്രം മൈക്കിന്റെ അനുജത്തിയാണ്. പകയുടേയും പ്രതികാരത്തിന്റേയും കഥയാണ് മിഖായേൽ എന്ന് ഒറ്റവാചകത്തിൽ പറയാൻ കഴിയും.
ചിത്രത്തിൽ എല്ലാവരുടേയും മികച്ചത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ വിജയിച്ചു എന്നുതന്നെ പറയാം. നീതിയും നിയമവും സുരക്ഷയ്‌ക്ക് എത്താതെ വരുമ്പോൾ ബൈബിളിലെ മിഖായേലാണ് അവിടെ ഉചിതമെന്ന് ചിത്രം പറയാൻ ശ്രമിക്കുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കിയെടുത്ത ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ ഒരുകൈയും നീട്ടി സ്വീകരിച്ചതുപോലെ തന്നെ പ്രേക്ഷകർ മിഖായേലിനേയും ഏറ്റെടുത്തു എന്നുതന്നെയാണ് ആദ്യ ദിവസം കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നത്.