മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിനം തന്നെ നൂറ് കോടി നേടിയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. തിയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകര്‍ ഒഴുകിയെത്തുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. അതേസമയം, സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലി മരക്കാറിന്റെ ചരിത്രത്തോട് പ്രിയദര്‍ശന്‍ ചിത്രം നീതി പുലര്‍ത്തിയിട്ടില്ല എന്നാണ് അതില്‍ പ്രധാന വിമര്‍ശനം. ഒരു ചരിത്ര സിനിമയെന്ന ലേബലില്‍ അല്ല മറിച്ച് ഫിക്ഷന്‍ എന്ന രൂപേണയാണ് പ്രിയദര്‍ശന്‍ മരക്കാറിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിരൂപകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മരക്കാറുമായി ബന്ധപ്പെട്ട് മറ്റൊരു അനൗദ്യോഗിക അപ്‌ഡേറ്റ് കൂടി വരുന്നത്.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമ ചെയ്യാന്‍ നിര്‍മാതാവ് ഷാജി നടേശന്‍ ആഗ്രഹിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. ഈ പ്രൊജക്ട് പിന്നീട് നടന്നില്ല. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഇല്ലെന്ന് അറിഞ്ഞതോടെയാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആരംഭിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാര്‍ ചെയ്യാന്‍ വീണ്ടും ആലോചിക്കുന്നതായാണ് വിവരം.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ചരിത്ര പശ്ചാത്തലം വളരെ കുറവാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് കുഞ്ഞാലി മരക്കാറിന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുന്ന വിധം മറ്റൊരു ചരിത്ര സിനിമ ചെയ്യുന്നത് പരിഗണിക്കാമെന്നുമാണ് ആരാധകരും ആവശ്യപ്പെടുന്നത്. മമ്മൂട്ടി - സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുന്‍ പ്രഖ്യാപിച്ച കുഞ്ഞാലിമരക്കാര്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് സംവിധായകന്‍ എം.എ.നിഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.