ഒടുവിൽ കട്ടപ്പ മാപ്പു പറഞ്ഞു, ബാഹുബലി പ്രതീക്ഷയോടെ കർണാടകയിലേക്ക്; തമിഴ് ജനത അടങ്ങിയിരിക്കുമോ?
കട്ടപ്പ മാപ്പു പറഞ്ഞു, ഇനി ബാഹുബലിയുടെ തമിഴ് റിലീസിന്റെ കാര്യം അവതാളത്തിലാകുമോ?
ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ഏപ്രിൽ 28നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് അടുത്തപ്പോഴാണ് ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനവുമായി കർണാടകയിലെ സംഘടനകൾ എത്തിയത്.
ഇതേതുടർന്ന് ചിത്രത്തിന്റെ കർണാടക റിലീസ് ഏറെ പ്രതിസന്ധികളിൽ പെട്ടിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് സത്യരാജ് കര്‍ണാടകയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് സത്യരാജ് അഭിനയിക്കുന്ന ബാഹുബലി രണ്ടാം ഭാഗം കര്‍ണാടകയില്‍ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംഘടനകൾ അറിയിച്ചത്.
ഒടുവിൽ ചിത്രത്തെ സംരക്ഷിക്കേണ്ടത് തന്റെ ചുമതല ആണെന്ന് മനസ്സിലാക്കിയ സത്യരാജ് മാപ്പു പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അവരോട് മാപ്പ് ചോദിക്കുന്നതായി കട്ടപ്പ പറഞ്ഞു. താന്‍ കര്‍ണാടകയ്‌ക്കോ കന്നട ജനങ്ങള്‍ക്കോ എതിരല്ലെന്നും സത്യരാജ് പറഞ്ഞു. അന്നത്തെ വീഡിയൊ ഇപ്പോൾ കണ്ട് ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. എന്റെ പ്രവര്‍ത്തിയുടെ പേരില്‍ ആയിരങ്ങളുടെ അധ്വാനത്തെ ബാധിക്കാന്‍ പാടില്ലെന്നും സത്യരാജ് പറഞ്ഞു.
കാവേരി നദീ ജല വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ വച്ച് തമിഴന്മാര്‍ അപമാനിക്കപ്പെട്ട സംഭവത്തിലായിരുന്നു കര്‍ണാടകക്കാരെ പട്ടി എന്ന് സത്യരാജ് പരാമര്‍ശിച്ചത്. സത്യരാജ് മാപ്പ് പറഞ്ഞതോടെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍.
തമിഴ്‌നാടും കർണാടകയും തമ്മിലുള്ള പ്രശ്നമായിരുന്നു എല്ലാത്തിനും തുടക്കം. ഈ വിഷയത്തിൽ കട്ടപ്പ മാപ്പു പറഞ്ഞത് തമിഴരിൽ ചിലർക്കൊക്കെ പിടിച്ചിട്ടില്ല. ഇനി ഇക്കാര്യം പറഞ്ഞ് തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിക്കുന്ന കാര്യത്തിൽ പ്രശ്നമുണ്ടാകുമോ എന്ന ചെറിയ ഭയവും അണിയറ പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.