മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ 43-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്.
പരമ്പരാഗത മുസ്ലിം രീതിയിലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിവാഹം കഴിക്കുന്ന സമയത്ത് മമ്മൂട്ടി സിനിമയില്‍ സജീവമായിട്ടില്ല. വിവാഹശേഷമാണ് മമ്മൂട്ടി സിനിമയില്‍ തിളങ്ങിയത്. ഇരുവരുടേയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
സുലുവിനെ താന്‍ ആദ്യമായി കാണുന്നത് പെണ്ണുകാണാന്‍ പോയപ്പോള്‍ ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് പെണ്ണുകാണല്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ ബാപ്പയും ഉമ്മയും യെസ് മൂളി. അങ്ങനെ സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായി.
മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് മക്കളാണ് ഉള്ളത്. മൂത്തത് മകള്‍. സുറുമിയെന്നാണ് മകളുടെ പേര്. 1982 ലാണ് സുറുമിയുടെ ജനനം. ദുല്‍ഖര്‍ സല്‍മാന്‍ ആണ് രണ്ടാമത്തെ കുഞ്ഞ്. 1986 ലാണ് ദുല്‍ഖറിന്റെ ജനനം. ഇരുവരുടേയും വിവാഹം കഴിഞ്ഞു.
വിവാഹം കഴിഞ്ഞ സമയത്ത് മമ്മൂട്ടി കുടുംബസമേതം ചെന്നൈയിലായിരുന്നു താമസം. മക്കളുടെ പ്രാഥമിക പഠനമെല്ലാം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലേക്ക് താമസം മാറിയത്.
മമ്മൂട്ടിയുടെ മകള്‍ സുറുമി വിവാഹം കഴിച്ചിരിക്കുന്നത് ഡോ.മുഹമ്മദ് റെഹാനെയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ വിവാഹം കഴിച്ചത് അമാല്‍ സുഫിയയെയാണ്. ചെന്നൈ ബേസ്ഡ് കുടുംബമാണ് അമാലിന്റേത്. ഒരു ആര്‍ക്കിടെക്റ്റ് കൂടിയാണ് അമാല്‍.
കുടുംബത്തിലെ ഏറ്റവും മൂത്ത മകനാണ് മമ്മൂട്ടി. രണ്ട് സഹോദരന്‍മാരും മൂന്ന് സഹോദരിമാരുമാണ് മമ്മൂട്ടിക്കുള്ളത്. അനിയന്‍മാരും അനിയത്തിമാരും ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ വിളിക്കുക. ഇത് കേട്ടാണ് നടന്‍ മോഹന്‍ലാലും ഇച്ചാക്ക എന്ന് മമ്മൂട്ടിയെ വിളിക്കാന്‍ തുടങ്ങിയത്.
മമ്മൂട്ടിയുടെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വീട് സിനിമാ താരങ്ങള്‍ക്ക് സ്വന്തം വീട് പോലെയാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്താറുണ്ട്. കൊച്ചിയിലുള്ളപ്പോള്‍ എല്ലാം ഞായറാഴ്ചകളില്‍ മമ്മൂക്കയുടെ വീട്ടില്‍ നിന്ന് ബിരിയാണി കഴിക്കാന്‍ എത്താറുണ്ടെന്ന് പൃഥ്വിരാജ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തന്റെ മകന്‍ ഇസഹാക്കും ദുല്‍ഖറിന്റെ മകള്‍ മറിയവും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് കുഞ്ചാക്കോ ബോബനും പറയുന്നു.