ക്രിസ്മസ് റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജഗജാന്തരം. ടിനു പാപ്പച്ചനാണ് സിനിമയുടെ സംവിധായകന്‍. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ വിനീത് വിശ്വവും കിച്ചു ടെല്ലസുമാണ് തിരക്കഥാകൃത്തുക്കള്‍. ആന്റണി പെപ്പെ, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്ന അജഗജാന്തരം ഒരു ഉത്സവത്തിന്റെ കഥയാണ് പറയുന്നത്. തിയറ്ററുകളില്‍ അടിമുടി ഉത്സവം തീര്‍ക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സിനിമയുടെ ത്രെഡ് രൂപപ്പെട്ടതിനെ കുറിച്ച് മറ്റ് വിശേഷങ്ങളും തിരക്കഥാകൃത്തുക്കളായ കിച്ചു ടെല്ലസും വിനീത് വിശ്വവും പങ്കുവയ്ക്കുകയാണ്.
കിച്ചുവിന്റെ മനസിലാണ് സിനിമയുടെ ത്രെഡ് ആദ്യം വന്നതെന്നും പിന്നീട് തങ്ങള്‍ ഒരേ വേവ് ലെങ്തില്‍ ചിന്തിക്കുന്ന ആളുകള്‍ ആണെന്ന് തോന്നിയതുകൊണ്ട് തന്നെ കൂടി തിരക്കഥ രചനയില്‍ കൂടെ കൂട്ടിയതാകാമെന്നും വിനീത് പറയുന്നു.
സിനിമയുടെ ത്രെഡ് രൂപപ്പെട്ടതിനെ കുറിച്ചും കിച്ചു ടെല്ലസ് വെളിപ്പെടുത്തി. ' ഞാന്‍ ഒരു പൂരത്തിനു ആനയേയും കൊണ്ടുപോയപ്പോള്‍ അവിടെ ഉണ്ടായ സംഭവങ്ങളാണ് ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള ത്രെഡ് തന്നെ. എനിക്ക് ആനയെ ലീസിന് പൂരത്തിനു കൊണ്ടുപോകുന്ന പരിപാടിയായിരുന്നു. ഒരു പൂരത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ് പിന്നീട് സിനിമയാക്കാമെന്ന് എനിക്ക് തോന്നിയത്. എഴുതാന്‍ അത്ര വശമില്ലാത്തതുകൊണ്ട് എനിക്കൊപ്പം കൂടാമോ എന്ന് ഞാന്‍ വിനീതിനോട് ചോദിച്ചു,' കിച്ചു പറഞ്ഞു.