ഒരു ഘട്ടത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗുജറാത്തിന്‍മേലുള്ള ആത്മവിശ്വാസം അതിരുകടന്നിരുന്നു. 150 സീറ്റ് ബി ജെ പി സ്വന്തമാക്കുമെന്ന പ്രഖ്യാപനം അത്തരം ആത്മവിശ്വാസത്തില്‍ നിന്നുണ്ടായതായിരുന്നു. എന്നാല്‍ ആ പ്രഖ്യാപനത്തിനും ആത്മവിശ്വാസത്തിനും കനത്ത തിരിച്ചടി നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അഭിമാനിക്കാം.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ഗുജറാത്തില്‍ ബി ജെ പിക്ക് അധികാരം നഷ്ടമാകുമെന്ന് പോലുമുള്ള പ്രതീതി ജനിച്ചിരുന്നു. കോണ്‍ഗ്രസ് 90ന് മുകളില്‍ സീറ്റുകളില്‍ ലീഡുയര്‍ത്തിയപ്പോള്‍ ബി ജെ പി ക്യാമ്പ് നിശബ്ദമാകുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം പതിയെ മുന്നേറിയ ബി ജെ പി 100 സീറ്റുകള്‍ക്ക് മുകളിലേക്ക് ലീഡുനില കൊണ്ടുവന്നു.
ബി ജെ പിക്ക് ഗുജറാത്തിന് മേലുള്ള ഗ്രിപ്പ് നഷ്ടമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോകുന്നത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നു. ഈ ഉണര്‍വ്വ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ നീക്കങ്ങള്‍ക്ക് ശക്തിപകരും. സീറ്റുകളുടെ എണ്ണത്തിനും വോട്ടുശതമാനത്തിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ എതിര്‍പ്പാണ് വന്‍ വിജയം പ്രതീക്ഷിച്ചുവന്ന ബി ജെ പിക്ക് തിരിച്ചടിയായത്. 80കള്‍ക്ക് ശേഷം പട്ടേല്‍ വിഭാഗം ബി ജെ പിയില്‍ നിന്ന് അകന്നുനിന്ന ഈ തെരഞ്ഞെടുപ്പില്‍ ആ അകല്‍ച്ച കോണ്‍ഗ്രസിന് ഗുണം ചെയ്തു.
എന്നാല്‍ സൌത്ത് ഗുജറാത്തും സെന്‍ട്രല്‍ ഗുജറാത്തും ബി ജെ പിയെ കൈവിട്ടില്ല. നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം സൌത്ത് ഗുജറാത്തിന്‍റെ വ്യാവസായികമേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തകര്‍ത്തിരുന്നു. അവരുടെ ഡയമണ്ട്, ലെതര്‍, ടയര്‍ വ്യവസായ മേഖല വന്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അതെല്ലാം മറന്നുകൊണ്ട് സൌത്ത് ഗുജറാത്ത് ബി ജെ പിയെ പുണരുന്ന കാഴ്ചയാണ് കാണാനായത്.
സൌരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസിന് നേട്ടമുണ്ടായപ്പോള്‍ ആദിവാസി മേഖലയിലും മുസ്ലിം ഭൂരിപക്ഷമേഖലകളിലും ബി ജെ പി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ആദിവാസി മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടി ഗുജറാത്തിലെ അവരുടെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ഒരു വലിയ മുന്നേറ്റത്തിന് കോണ്‍ഗ്രസിന് തടയായതും ഇതുതന്നെയാണ്.
മഹാത്മാഗാന്ധിയുടെ ജന്‍മദേശമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതും കോണ്‍ഗ്രസിന്‍റെ പ്രധാനനേതാവായ ശക്തിസിംഗ് ദോഹ്‌ലിന്‍റെ പരാജയവും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ബി ജെ പി ഇതര രാഷ്ട്രീയകക്ഷികളെ ഒപ്പം നിര്‍ത്താന്‍ കഴിയാതെ പോയതും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന്‍റെ കഴിവുകേടായി വിലയിരുത്തപ്പെടും.
എന്തായാലും, കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുള്ള അവരുടെ കുതിപ്പിന് ഊര്‍ജ്ജം പകരുമെന്നുതന്നെ പ്രതീക്ഷിക്കാം.