Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്വട്ടേഷൻ ടീംസ് വാഴുന്ന മലയാള സിനിമാ ലോകം

സാധാരണ 'വില്ലൻമാരെ' ഒതുക്കാനെത്തിയ ഒറിജിനൽ 'വില്ലന്മാർ' വാഴുന്ന മലയാള സിനിമ

ക്വട്ടേഷൻ ടീംസ് വാഴുന്ന മലയാള സിനിമാ ലോകം

അപര്‍ണ ഷാ

, വ്യാഴം, 23 ഫെബ്രുവരി 2017 (15:44 IST)
ക്വട്ടേഷൻ ടീംസിനെ സാധാരണ മലയാളികൾ കണ്ടുതുടങ്ങിയത് സിനിമയിലൂടെയാണ്. എന്നാൽ, അധോലോകം പ്രമേയമാക്കിയ മികച്ച ഇന്ത്യൻ സിനിമകളുടെ കണക്കെടുത്താൽ അതിന്റെ ഏഴയലത്ത് പോലും മലയാള സിനിമയില്ല. അധോലോക സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങുന്നത് അപൂർവ്വമാണ്. ഇതൊക്കെ പഴങ്കഥ ആയിമാറിയിരിക്കുകയാണ് ഇപ്പോൾ.
 
മലയാള സിനിമ കഥയ്ക്കുള്ളിൽ മാത്രമാണ് അധോലോകം ഇല്ലാത്തത്. സിനിമയെന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ അധോലോകവും ക്വട്ടേഷനും മാത്രമാണ്. സിനിമയും ക്രിമിനലിസവും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്ന് അറിയണമെങ്കിൽ കൊച്ചിയിലേക്കോ എറണാകുളത്തെ ഉൾപ്രദേശങ്ങളിലേക്കോ ഒന്ന് ചെന്ന് നോക്കിയാൽ മതി. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ചെല്ലണം. 
 
ഉൾനാടുകളിലോ പട്ടണപ്രദേശങ്ങളിലോ സിനിമ ചിത്രീകരണം നടക്കുമ്പോൾ കാണാനെത്തുന്ന സാധാരണക്കാരായ ജനങ്ങളായിരുന്നു അന്നത്തെ 'വില്ലൻമാർ'. അവരെ 'കൈകാര്യം' ചെയ്യുന്നതിനു വേണ്ടിയായിരുന്നു (ഗത്യന്തരമില്ലാതെ എന്നും പറയാം) അന്നൊക്കെ ഗുണ്ടകളുമായും ക്രിമിനല്‍ ബന്ധമുള്ളവരുമായും സിനിമാക്കാർ തുടക്കത്തില്‍ സഹകരിച്ചിരുന്നത്. എന്നാല്‍ പിന്നീടെപ്പോഴോ ക്രിമിനല്‍ പശ്ചാത്തലമുള്ളവർ മലയാള സിനിമയിലേക്ക് നുഴഞ്ഞുകയറി. ആധിപത്യം സ്ഥാപിക്കുന്നതിൽ അവർ വിജയി‌ക്കുകയും ചെയ്തു. 
 
സിനിമാ ലൊക്കേഷനിലേക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കുന്നതിനും സിനിമാക്കാർ ആശ്രയിക്കുന്നത് ഇത്തരം ക്വട്ടേഷൻ സംഘങ്ങളെയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാ‌ണ്. സിനിമയുമായി ഇത്തരക്കാർക്ക് ബന്ധമുള്ള കാര്യം പലപ്പോഴും മുഖ്യ നടനോ നടിയോ സഹപ്രവർത്തകരോ എന്തിന്, സംവിധായകനോ അറിയണമെന്നില്ല. പ്രൊഡക്ഷന്‍ മാനേജര്‍മാരും കണ്‍ട്രോളര്‍മാരുമൊക്കെയാവും ഇവരുടെ അടുപ്പക്കാര്‍.
 
2006-2007 കാലയളവില്‍ മട്ടാഞ്ചേരിയിലും കൊച്ചിയിലുമായി ചിത്രീകരിച്ച അധോലോക പശ്ചാത്തലമുള്ള രണ്ട് സിനിമകളുടെ ചിത്രീകരണം ഗുണ്ടാപ്പിരിവ് നല്‍കാത്തത് മൂലം ക്വട്ടേഷന്‍ ടീമംഗങ്ങള്‍ തടസ്സപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമയിൽ ശക്തരാകാൻ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന നടൻ ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ ഒരുപക്ഷേ ഞെട്ടിച്ചത് മലയാള സിനിമയെക്കൂടി ആയിരിക്കും. ഇതൊന്നും അറിയാത്തവരും സിനിമയിൽ ഉള്ളത് കൊണ്ട് തന്നെ.
 
''പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. സിനിമയെടുക്കുന്ന കാര്യത്തിൽ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാട് മോശം പ്രവണതകൾ സിനിമയിലേക്കു കടന്നുവന്നു. സാമൂഹിക വിരുദ്ധമായ ഒരുപാട് തലങ്ങൾ സിനിമയിലേക്കു കടന്നുവന്നു. സിനിമയിൽ ശക്തരാകാൻ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയയും ശക്തമാണ്'' - ഗണേഷ് കുമാറിന്റെ വാക്കുകൾ ഒരു വ്യക്തിയിലേക്ക് മാത്രമല്ല വിരൽ ചൂണ്ടുന്നത്. ക്രിമിനലുകളുമായി ബന്ധം പുലർത്തുന്ന ഓരോ വ്യക്തിയിലേക്കുമാണ്.
 
ചിത്രീകരണം നടക്കുന്നത് ആർക്കെങ്കിലും ബുദ്ധിമുട്ടാണെന്ന് കാണിച്ച് പരാതി നൽകിയാൽ ഉടൻ വരും ഭീഷണി. കേസെടുക്കനും നീതി നടപ്പാക്കാനും ലോക്കൽ പൊലീസിനും ഭയം തന്നെ. ക്വട്ടേഷൻ ടീംസിന് 'മുകളില്‍' പിടിയുള്ളതിനാല്‍ സിനിമയിലുള്ളവരെ തൊട്ടാല്‍ പണി കിട്ടുമെന്ന പേടിയും. അതു തന്നെ കാര്യം.
 
ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും സിനിമാ ചിത്രീകരണത്തിനിടയിലെ ലൊക്കേഷന്‍ സേവനത്തിന് ഗുണ്ടാപ്പട റെഡിയാണ്. അതിനി, മലയാളമോ മറുഭാഷയോ ഏതുമാകട്ടെ. ചിത്രീകരണം മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തി രംഗത്തുവരുന്ന പ്രാദേശവാസികളെ മെരുക്കാനും ഇവര്‍ക്കാകും. ഇനി ചിത്രീകരണം ഏതെങ്കിലും വനത്തിലാണെങ്കിലോ? നാടന്‍മദ്യവും വെടിയിറച്ചിയുമൊക്കെയായി നിര്‍മ്മാതാവിനെയും ചലച്ചിത്രപ്രവര്‍ത്തകരെയും തൃപ്തരാക്കാനും ഇക്കൂട്ടർ റെഡി. സിനിമ പ്രവർത്തകരിൽ നിന്നും 'നല്ല പേര്' ലഭിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം?.
 
രാത്രിയോ പകലോ ഇല്ലാതെ സേവനം ലഭ്യമാകുമെന്നതാണ് ലൊക്കേഷനില്‍ ക്വട്ടേഷന്‍ ടീമിനെ ഉപയോഗപ്പെടുത്താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പ്രേരിപ്പിക്കുന്നത് എന്നത് മറ്റൊരു വസ്തുത. ദിവസം 25,000 രൂപ മുതലാണ് ഇവരുടെ പ്രതിഫലം. കുറച്ചൂടി ആവശ്യപ്പെട്ടാൽ ഗുണ്ടാനേതാവിന് സിനിമയിൽ ഒരു റോ‌ളും!.
 
ഒരു പള്‍സര്‍ സുനിയില്‍ തീരുന്നില്ല ക്രിമിനല്‍ പശ്ചാത്തലമുളളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ക്വട്ടേഷന്‍ ഇടപാടുകാരുമെല്ലാം താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായിമാരായും ലൊക്കേഷന്‍ മാനേജര്‍മാരായും വിലസുന്നുണ്ട്. ഇങ്ങനെയുള്ളവരെ കൂടെക്കൂട്ടുന്ന സിനിമാക്കാർ അറിയുന്നില്ല, വരാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിന്റെ കണ്ണ് വെട്ടിച്ച് പള്‍സറിനെ കോടതിയില്‍ എത്തിച്ചതും ‘ പള്‍‌സര്‍ ’